പണ്ഡിതവര്‍ഗത്തിന്‍റെ ചര്‍ച്ചാവിഷയമായിമാത്രം കരുതിപ്പോന്ന ശ്രീശങ്കരകൃതികളെ ലോകോപകാരത്തിനായി പുറത്തുകൊണ്ടുവരണം. അവ എല്ലാ ലോകഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെടണം. അവയുടെ സംവാദങ്ങള്‍ ലോകജീവിതത്തിന്‍റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കുള്ള സമാധാനത്തിനായി പ്രയോജനപ്പെടുത്തണം.
ഇന്ന് ഭാരതം ആഗോളസാമ്പത്തിക പരിഷ്‌കരണത്തിന്‍റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൈകളില്‍ ഈ ജ്ഞാനസംസ്‌കാരങ്ങളുടെ അക്ഷയ പാഥേയം പേറിയ പേടകം അവശ്യം ഉണ്ടാകണം. എന്നാലേ സാമ്പത്തിക സാമൂഹികവികാസം കൊണ്ട് ജീവിതലക്ഷ്യങ്ങളെ യഥാര്‍ത്ഥത്തില്‍ പ്രാപിക്കാനാകൂ. ആന്തരികമായ യഥാര്‍ത്ഥസുഖം പ്രാപിക്കാനാകൂ.
അറിവില്ലാത്തവന് സമ്പത്ത് അനര്‍ഥഹേതുവാകും.(തൈ.ഭാ.1.4.2)
സമ്പത്തിന്‍റേയും സുകൃതത്തിന്‍റേയും ഫലമാണ് ആനന്ദം (തൈ.ഭാ.2.5.1)
എന്നീ ഭാഷ്യവാക്യങ്ങള്‍ ഈ വസ്തുത വ്യക്തമാക്കുന്നു.
ഈ നിലയിലാണ് ആര്‍ഷവിദ്യാപ്രതിഷ്ഠാനം ശ്രീശങ്കരാചാര്യരുടെ പേരിലുള്ള സമ്പൂര്‍ണകൃതികളെയും വ്യാഖ്യാനത്തോടെ പ്രകാശിപ്പിക്കണമെന്ന ആ വലിയ ദൗത്യം കര്‍ത്തവ്യധീരമായി ഏറ്റെടുത്തിരിക്കുന്നത്. അതിലൂടെ പൊതുജനസമക്ഷം എക്കാലത്തുമുണ്ടായിരുന്ന ഒരു മഹദഭിലാഷമാണ് നിറവേറ്റാന്‍പോകുന്നത്. കൈരളിക്കുതന്നെയല്ല, വരുംകാലം മറ്റെല്ലാവര്‍ക്കും അത് വലിയൊരനുഗ്രഹമായി ഭവിക്കുമെന്നതില്‍ സംശയമില്ല. സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിച്ച് ഈ നിഃസ്വാര്‍ഥസംരംഭം യഥാകാലം പൂര്‍ണ്ണത വരിക്കട്ടെ എന്നു ഹൃദയംഗമമായി പ്രാര്‍ഥിക്കുന്നു.
- സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ
മാതേവ നോ രക്ഷതി ശാങ്കരഭാഷ്യശക്തിഃ
(ഒരമ്മയെന്നപോലെ ശാങ്കരഭാഷ്യശക്തി നമ്മെ രക്ഷിക്കും)
ശ്രീശങ്കര സാരസ്വത സര്‍വസ്വം 'ശങ്കര ദേശിക മേ ശരണം' ഭാരതത്തിന്‍റെ അടിസ്ഥാനം ആദ്ധ്യാത്മികതയിലാണ്. ലോകത്തിനു മുഴുവന്‍ വെളിച്ചം വീശിക്കൊണ്ട് നമ്മുടെ അതിപുരാതനമായ അദ്വൈതവേദാന്തദര്‍ശനം നിത്യനൂതനമായി നിലകൊള്ളുന്നു. നാം നിത്യവും സ്മരിക്കുന്ന ആദിനാരായണനില്‍ തുടങ്ങുന്ന ഗുരുപരമ്പരയില്‍ കലിയുഗത്തിലെ യുഗാചാര്യപദവിയില്‍ വിരാജിക്കുന്ന മഹാമനീഷിയായ ശ്രീശങ്കരഭഗവത്പാദരാണ് ഇതിന്‍റെ പുനഃസ്ഥാപകന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ സമ്പൂര്‍ണമായി വ്യാഖ്യാനത്തോടെ ഒരുഭാഷയിലും നാളിതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നത് ദുഃഖസത്യമായി നിലകൊള്ളുന്നു. പല മഹാത്മാക്കളും പലപ്പോഴായി ശ്രീശങ്കരകൃതികളുടെ സമാഹാരത്തിനു ശ്രമിച്ചിട്ടുണ്ടെങ്കിലും പരിപൂര്‍ണ വിജയത്തിലെത്തുകയുണ്ടായില്ല. സാധാരണ ജനങ്ങളുടെയിടയില്‍ അധികം പ്രചാരമില്ലാത്തഗ്രന്ഥങ്ങളായതിനാലും പ്രസാധനത്തിന് വളരെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലും പ്രമുഖ പ്രസാധകരാരും ഇത്തരം ശ്രമങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്കുകയുമുണ്ടായില്ല. ഈയവസരത്തിലാണ് ഒരു നിയോഗം പോലെ വിശ്വവിശ്രുതനായ ജഗദ്ഗുരു ശ്രീശങ്കരഭഗവത്പാദപദ്മങ്ങളിലൊരു പുഷ്പാര്‍ച്ചനയായി ഞങ്ങളീ ദൗത്യം ഏറ്റെടുത്തത്. ശ്രീശങ്കരഭഗവത്പാദരുടെ സമ്പൂര്‍ണകൃതികള്‍ മലയാളത്തില്‍ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്കുന്നത് ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിന്‍റെ ആചാര്യന്‍ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദയും മറ്റ് ആചാര്യശ്രേഷ്ഠരുമാണ്. ഇതിന്‍റെ തുടര്‍പ്രവര്‍ത്തനമായി ശ്രീശങ്കരഭഗവത്പാദരുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കുമാത്രമായി ശ്രീശങ്കരീയം എന്ന മാസികയുടെ പ്രകാശനത്തിനുവേണ്ട പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായും ഈ സന്ദര്‍ഭത്തില്‍ അറിയിക്കുന്നു. മുഖ്യമാര്‍ഗനിര്‍ദേശം
- സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ
ഉപദേശകസമിതി
- സ്വാമി പരമാനന്ദഭാരതി - സ്വാമി സ്വപ്രഭാനന്ദ - സ്വാമി ചിദാനന്ദപുരി - സ്വാമി നിര്‍മ്മലാനന്ദഗിരി - സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ - ശ്രീ.അക്കിത്തം അച്യുതന്‍നമ്പൂതിരി - പ്രൊഫ.ആര്‍.വാസുദേവന്‍പോറ്റി - പ്രൊഫ.എസ്.ഭാസ്‌കരന്‍നായര്‍ - ഡോ.ബി.സി.ബാലകൃഷ്ണന്‍ - പ്രൊഫ.ജി.ഗംഗാധരന്‍നായര്‍ - ശ്രീ.എല്‍.ഗിരീഷ്‌കുമാര്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍ - സ്വാമി ചിദാനന്ദസരസ്വതി - സ്വാമി കരുണാസാഗര്‍ - സ്വാമി അനപേക്ഷാനന്ദ - സ്വാമി തത്ത്വരൂപാനന്ദസരസ്വതി - സ്വാമി അദ്ധ്യാത്മാനന്ദ - സ്വാമി ബ്രഹ്മാനന്ദതീര്‍ത്ഥ - സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി - സ്വാമിനി ശിവാനന്ദപുരി - സ്വാമി നിത്യസ്വരൂപാനന്ദ - സ്വാമി സ്വരൂപാനന്ദസരസ്വതി - സ്വാമി ശാരദാനന്ദ - സ്വാമി നിഖിലാനന്ദസരസ്വതി - ദ്രാവിഡാചാര്യ ശ്രീ രാമകൃഷ്ണന്‍ജി - ഡോ.പി.കെ.മാധവന്‍ - ഡോ.ടി.കെ.മാധവന്‍ - പ്രൊഫ.പി.വി.വിശ്വനാഥന്‍നമ്പൂതിരി - ഡോ.ടി.നാരായണന്‍കുട്ടി - ഡോ.വി.രാമകൃഷ്ണഭട്ട് - പ്രൊഫ.പി.വി.വൈദ്യനാഥന്‍ - ഡോ.ചാത്തനാത്ത് അച്യുതനുണ്ണി - വാചസ്പതി പ.നന്ദകുമാര്‍ - ഡോ.കെ.വി.വാസുദേവന്‍ - ഡോ.എം.പി.ബാലകൃഷ്ണന്‍ - ഡോ.ജി.പ്രഭ - ഡോ.യു.ആര്‍.ഗിരിധരന്‍ - ഡോ.കെ.കെ.സുന്ദരേശന്‍ - ഡോ.എം.ജയകൃഷ്ണന്‍ - ഡോ.കെ.ഉണ്ണികൃഷ്ണന്‍ - ഡോ.സി.എന്‍.വിജയകുമാരി - ഡോ.കെ.എസ്.മഹേശ്വരന്‍ - ഡോ.എം.വി.നടേശന്‍ - ഡോ.വി.വസന്തകുമാരി - ഡോ.ആര്‍.കമലകുമാരി - ഡോ.എസ്.ശോഭന - ഡോ.എസ്.ഗീതാമണിഅമ്മ - ഡോ.ഇ.എന്‍.ഈശ്വരന്‍ - ശ്രീ.ഗോപാലകൃഷ്ണവൈദികര്‍ - ശ്രീ.എ.കെ.ബി.നായര്‍ - ആചാര്യ സി.പി.നായര്‍ - ശ്രീ.എന്‍.ആര്‍.പരമേശ്വരന്‍ - അഡ്വ.ടി.ആര്‍.രാമനാഥന്‍ - ശ്രീ.ഡി.പ്രകാശ് - ശ്രീ.കെ.കെ.യതീന്ദ്രന്‍ - എന്‍.വെങ്കിടേശ്വരഅയ്യര്‍ - ശ്രീ.ജ്യോതിസ് ശ്രീധര്‍ - ശ്രീ.വളവനാട് വിമല്‍വിജയ് - ശ്രീ.ഹരിഹരകൃഷ്ണന്‍ - ശ്രീ.അരുണ്‍ഭാസ്‌കര്‍ - ശ്രീ.ജിതിന്‍ഗോപാല്‍ സംയോജനം - അജയകുമാര്‍ വി.എം.(സജി) മാതൃപിതൃസഹസ്രേഭ്യോfപി ഹിതൈഷിണാ വേദേനോപാദിഷ്ടമ് -കഠഭാഷ്യം 2.4.15 (ഒരായിരം മാതാപിതാക്കളെക്കാള്‍ നമ്മുടെ നന്മ ആഗ്രഹിക്കുന്ന വേദമനുശാസിക്കുന്നതാണ് ഏകാത്മജ്ഞാനം) നാവേദവിന്‍മനുതേ തം ബൃഹന്തമ് - തൈ.ബ്രാ. (ശാസ്ത്രമറിയാത്തവന്‍ ആ വ്യാപകതത്ത്വത്തെ ഒരിക്കലുമറിയുന്നില്ല) അതിര്‍ത്തിദേശങ്ങളെ കടന്നാക്രമിച്ച് വിസ്താരംചെയ്യാനോ, നയതന്ത്രങ്ങളുടെ ചതുരംഗത്തിലൂടെ രാജ്യാന്തര സമ്പത്തുക്കള്‍ വശപ്പെടുത്താനോ ആഗ്രഹിക്കാതെ അഹിംസയുടെ ധര്‍മ്മമോതിക്കൊണ്ട് സ്വയംപര്യാപ്തതയില്‍ തൃപ്തിയടഞ്ഞ് യുഗാബ്ദങ്ങള്‍ നിലകൊണ്ട മഹാരാഷ്‍ട്രമാണ് നമ്മുടെ ഭാരതം. അതിനെന്നും ഭാരതത്തിന് അക്ഷയ്യമായ ബലംകൊടുത്തത് ഉപനിഷദ്ജ്ഞാനമത്രേ. അതായിരുന്നു ഭാരതത്തിന്‍റെ അജയ്യസമ്പത്ത്. അത് ഹിമാലയംപോലെ അതുല്യമാണ്, ലോകോത്തരമാണ്. ഈ യുഗത്തില്‍ ആ ഉപനിഷദ്ജ്ഞാനത്തിന്‍റെ പുനഃപ്രസാരണത്തിന് ആവിര്‍ഭവിച്ച ഭാരതത്തിന്‍റെ ഓമനസന്തതികളില്‍ പ്രമുഖനായിരുന്നു ശ്രീശങ്കരഭാഗവത്പാദര്‍. ഇന്ന് പലതരത്തില്‍ നമ്മുടെ ചുറ്റും കേള്‍ക്കുന്ന സമതാവാദം സാഹോദര്യവാദം സാമൂഹ്യപരിഷ്‌കരണവാദം എന്നിവയുടെയെല്ലാം അടിവേരു ചികഞ്ഞുനോക്കിയാല്‍ ചെന്നെത്തുന്നത് ഈ ഉപനിഷദ് അദ്വൈതദര്‍ശനത്തിലായിരിക്കും. ഉപനിഷദ്ദര്‍ശനം വസ്തുനിഷ്ഠമാണ്, വസ്തുനിഷ്ഠമായ അറിവ് ജാതിമതവിഭജനങ്ങളുടെയോ ദേശകാലഭേദങ്ങളുടെയോ കല്പിതപരിധിയില്‍ നില്‍ക്കുന്നതല്ല. അത് അനശ്വരവും അപരിമിതവുമാണ്. ഉപായങ്ങള്‍ മാറുമ്പോഴും അധികാരിഭിന്നതയനുസരിച്ച് അതിന്‍റെ പ്രാപ്തിഫലങ്ങള്‍ മാറുമെങ്കിലും, അതൊരിക്കലും വ്യക്തിനിഷ്ഠമായി വ്യാഖ്യാനിക്കപ്പെടാവുന്നതല്ല. ലോകമാനവരാശിയുടെ അന്തഃസത്തയുടെ തിരിച്ചറിവിലേക്ക് പ്രകാശം പരത്തുന്ന ഈ വസ്തുനിഷ്ഠജ്ഞാനമാണ് ശ്രീശങ്കരാചാര്യര്‍ തന്‍റെ രചനകളിലൂടെ നമ്മുടെ മുന്നില്‍ പ്രകടിപ്പിച്ചത്. ആചാര്യരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നാമോര്‍ത്തിരിക്കേണ്ട ഒരു പ്രധാന വസ്തുതയാണിത്, അല്ലാതെ കേവലം വ്യക്തിത്വത്തിന്‍റെ മഹിമകളിലും പരിമിതിക്കുള്ളിലുമല്ല ആചാര്യനെപ്പോലൊരാളിനെ മനസിലാക്കേണ്ടത്. എന്നാല്‍ നൈരാശ്യത്തോടെതന്നെ പറയട്ടെ, ആചാര്യനെ സംബന്ധിച്ച് ഇന്നുവരെ നടന്നിട്ടുള്ള പഠന നിരൂപണ പ്രചാരണങ്ങളിലധികവും വ്യക്തിമഹത്വത്തെയധികരിച്ചായിപ്പോയി. അതിനാല്‍ അതിന്‍റെ നിശ്ചിതാനിശ്ചിതങ്ങളുടെ ഊഹാപോഹങ്ങളിലും തര്‍ക്കവിതര്‍ക്കങ്ങളുടെ ചക്രവാതത്തിലും കുഴങ്ങിയപ്പോള്‍ ജ്ഞാനരൂപത്തിലുള്ള ആചാര്യരുടെ സ്വരൂപം തെറ്റിദ്ധരിക്കപ്പെട്ട് ആവിഷ്‌കൃതമാകാതെതന്നെ നിലകൊണ്ടു. ഇതര നിരപേക്ഷമായ തത്ത്വജ്ഞാനത്തിന്‍റേയും ലോകസാധാരണമായ വ്യവഹാരത്തിന്‍റേയും വിഷയാധിഷ്ഠിതമായ യുക്തിവാദങ്ങളുടേയും യുക്തമായ സമന്വയം ശ്രീശങ്കരകൃതികളില്‍ കാണാം. അതുകൊണ്ടുതന്നെ ആ കൃതികളുടെ അന്തരാര്‍ത്ഥം അറിയാന്‍, അവയെ പ്രാമാണീകരിക്കാന്‍, പുരാതന താളിയോലകളെയോ പുരാവസ്തുപഠനങ്ങളെയോ തേടിപ്പോകേണ്ട ആവശ്യമില്ല. അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ നിജാനുഭവങ്ങളുടെ തുറന്ന പുസ്തകത്തില്‍ ശരിക്കും വായിച്ചറിയാവുന്നതേയുള്ളു. ഭക്ത്യുപാസനകളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും പ്രവൃത്തിനിവൃത്തികളുടേയും രൂപത്തില്‍ ആ കൃതികളില്‍ തുറന്നു കാണിച്ചിരിക്കുന്നത് ജീവതത്തിന്‍റെ വഴിയോരങ്ങളില്‍ നമ്മുടെ മുന്നില്‍ വരുന്ന പച്ചയായസത്യങ്ങളാണെന്നു സാരം. ഭാഷ്യ-പ്രകരണ-സ്‌തോത്രങ്ങളുള്‍പ്പെടുന്ന ആചാര്യരചനകളില്‍ ആര്‍ഷവിജ്ഞാനത്തിന്‍റെ ആഴമേറിയ ഗാംഭീര്യവും ഒരു സുകവിയുടെ ഭാവനാ ലാളിത്യവും, എല്ലാത്തിലുമുപരി എന്നും മാലോക നന്മയ്ക്കായി തുളുമ്പുന്ന കരുണാര്‍ദ്രഹൃദയത്തിന്‍റെ സ്‌നേഹസ്പര്‍ശവുമുണ്ട്. അവയെ വേണ്ടവണ്ണം ഉണര്‍വോടും ഊക്കോടുമടുത്തറിഞ്ഞാല്‍ മതി നമ്മുടെ ജീവിതം സഫലമാകാന്‍. നൂറ്റാണ്ടുകളായി ശങ്കരാചാര്യരുടെ നാമത്തിലുള്ള വൈവിധ്യമാര്‍ന്ന കൃതികളുടെ കര്‍തൃത്വത്തിന്‍റെ പ്രമാണികതയെച്ചൊല്ലി വാദപ്രതിവാദങ്ങളും സൂക്ഷ്മപരിശോധനകളും എങ്ങുമെങ്ങും എത്താത്തനിലയില്‍ തുടരുന്നു, ഇനിയും തുടരും. ഭാഷാപണ്ഡിതര്‍ക്കും ഇതിഹാസ ഗവേഷകര്‍ക്കും മറ്റും ഒരുവേള അതെല്ലാം ശോഭനവും രസകരവുമായിരിക്കും. പക്ഷേ ലോകത്തിന് ഇന്നാവശ്യം നിര്‍ണ്ണയമാകാത്ത ഒരുകൂട്ടം വാദവിവാദങ്ങളിലൂടെയുള്ള വൈദുഷ്യ വിളംബരങ്ങളല്ല, മഹത്തായ ആ തത്ത്വശാസ്ത്രത്തിന്‍റെ സാരം ആഴത്തിലറിഞ്ഞ് നിത്യജീവിതത്തിന്‍റെ കാല്‍വയ്പുകള്‍ക്ക് വഴികാട്ടിയാകുംവിധം പ്രായോഗികമാക്കുകയാണ്. അത്തരത്തിലായിരിക്കണം തത്ത്വശാസ്ത്രങ്ങളെ ഇനി നാം അടുത്തറിയേണ്ടത്. ശങ്കരാചാര്യരുടെ രചനാസമ്പത്തിനെ ജനകീയമായി വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞില്ല, എന്നതിരിക്കട്ടെ, അവ ശുദ്ധമായരൂപത്തില്‍ പരിരക്ഷിക്കാനോ, അവയുടെ എണ്ണമെങ്കിലും നിര്‍വിവാദം തിട്ടപ്പെടുത്തിയെടുക്കാനോ നമ്മുടെ ഗവേഷകവൃന്ദങ്ങള്‍ക്ക് ഇന്നേവരെ കഴിയാതെ പോയത് അതുസംബന്ധിച്ച മനഃപൂര്‍വ്വമായ ഉദാസീനത അല്ലാതെ മറ്റെന്താണ്...? പണ്ഡിതവര്‍ഗത്തിന്‍റെ ചര്‍ച്ചാവിഷയമായിമാത്രം കരുതിപ്പോന്ന ശ്രീശങ്കരകൃതികളെ ലോകോപകാരത്തിനായി പുറത്തുകൊണ്ടുവരണം. അവ എല്ലാ ലോകഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെടണം. അവയുടെ സംവാദങ്ങള്‍ ലോകജീവിതത്തിന്‍റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്കുള്ള സമാധാനത്തിനായി പ്രയോജനപ്പെടുത്തണം. ഇന്ന് ഭാരതം ആഗോളസാമ്പത്തിക പരിഷ്‌കരണത്തിന്‍റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കൈകളില്‍ ഈ ജ്ഞാനസംസ്‌കാരങ്ങളുടെ അക്ഷയ പാഥേയം പേറിയ പേടകം അവശ്യം ഉണ്ടാകണം. എന്നാലേ സാമ്പത്തിക സാമൂഹികവികാസംകൊണ്ട് ജീവിതലക്ഷ്യങ്ങളെ യഥാര്‍ത്ഥത്തില്‍ പ്രാപിക്കാനാകൂ. ആന്തരികമായ യഥാര്‍ത്ഥസുഖം പ്രാപിക്കാനാകൂ. 'അറിവില്ലാത്തവന് സമ്പത്ത് അനര്‍ഥഹേതുവാകും.' (തൈ.ഭാ.1.4.2) 'സമ്പത്തിന്‍റേയും സുകൃതത്തിന്‍റേയും ഫലമാണ് ആനന്ദം' (തൈ.ഭാ.2.5.1) എന്നീ ഭാഷ്യവാക്യങ്ങള്‍ ഈ വസ്തുത വ്യക്തമാക്കുന്നു. ഈ നിലയിലാണ് ആര്‍ഷവിദ്യാപ്രതിഷ്ഠാനം ശ്രീശങ്കരാചാര്യരുടെ പേരിലുള്ള സമ്പൂര്‍ണകൃതികളെയും വ്യാഖ്യാനത്തോടെ പ്രകാശിപ്പിക്കണമെന്ന ആ വലിയ ദൗത്യം കര്‍ത്തവ്യധീരമായി ഏറ്റെടുത്തിരിക്കുന്നത്. അതിലൂടെ പൊതുജനസമക്ഷം എക്കാലത്തുമുണ്ടായിരുന്ന ഒരു മഹദഭിലാഷമാണ് നിറവേറ്റാന്‍പോകുന്നത്. കൈരളിക്കുതന്നെയല്ല, വരുംകാലം മറ്റെല്ലാവര്‍ക്കും അത് വലിയൊരനുഗ്രഹമായി ഭവിക്കുമെന്നതില്‍ സംശയമില്ല. സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിച്ച് ഈ നിഃസ്വര്‍ഥസംരംഭം യഥാകാലം പൂര്‍ണ്ണത വരിക്കട്ടെ എന്നു ഹൃദയംഗമമായി പ്രാര്‍ഥിക്കുന്നു. മാതേവ നോ രക്ഷതി ശാങ്കരഭാഷ്യശക്തിഃ (ഒരമ്മയെന്നപോലെ ശാങ്കരഭാഷ്യശക്തി നമ്മെ രക്ഷിക്കും) കര്‍മ ച ജ്ഞാനം ച സമ്യഗനുഷ്ഠിതം നിഷ്‌കാമസ്യ മുമുക്ഷോഃ സത്വശുദ്ധ്യര്‍ഥം ഭവതി. (കേന.ഭാ.1.1) ശരിക്കുമനുഷ്ഠിക്കപ്പെടുന്ന കര്‍മവും ജ്ഞാനവും നിഷ്‌കാമനായ മുമുക്ഷുവിന് സത്വശുദ്ധിക്കുതകുന്നതാണ്. മുമുക്ഷുഃ ദേവാരാധനപരഃ ശ്രദ്ധാഭക്തിപരഃ പ്രണേയോfപ്രമാദീ സ്യാദ്വിദ്യാപ്രാപ്തിം പ്രതി (ബൃ.ഭാ.1.4.10) ജ്ഞാനപ്രാപ്തി ആഗ്രഹിക്കുന്ന മുമുക്ഷു ദേവാരാധനയില്‍ തത്പരനും ശ്രദ്ധാഭക്തിയുള്ളവനും വിനയാന്വിതനും കര്‍തവ്യനിഷ്ഠനുമായിരിക്കണം. ശാസ്ത്രജ്ഞോfപി സ്വാതന്ത്ര്യേണ ബ്രഹ്മജ്ഞാനാന്വേഷണം ന കുര്യാത് (മുണ്ഡക.ഭാ.1.2.1) ശാസ്ത്രമറിയുന്നവനാണെങ്കിലും ഗുരുസഹായമില്ലാതെ സ്വതന്ത്രബുദ്ധ്യാ ബ്രഹ്മജ്ഞാനാന്വേഷണം ചെയ്യരുത്. നഹി അഭിമാനേന വര്‍ഷശതേനാപി ശ്രുത്യര്‍ഥാ ജ്ഞാതും ശക്യതേ സര്‍വൈഃ പണ്ഡിതംമന്യൈഃ (പ്ര.ഭാ.4.5) പണ്ഡിതമാനികള്‍ക്ക് അവരുടെ ദുരഭിമാനംകൊണ്ട് നൂറുറ്വര്‍ഷം ശ്രമിച്ചാലും വേദത്തിന്‍റെ അര്‍ഥം അറിയാന്‍ കഴിയുകയില്ല. ധര്‍മസൂക്ഷ്മനിര്‍ണയേ പരിഷദ്‌വ്യാപാര ഇഷ്യതേ. (ബൃ.4.3.1) ധര്‍മത്തിന്‍റെ സൂക്ഷ്മനിര്‍ണയം സഭകൂടി ചെയ്യേണ്ടതാണ്. അനുഭവാവസാനം ച ബ്രഹ്മജ്ഞാനം (ബ്ര.സൂ. 2.1.4) അനുഭവത്തിലവസാനിക്കുന്നതാണ് ബ്രഹ്മജ്ഞാനം. ശ്രീ ശങ്കരാചാര്യര്‍ ഭാരതത്തിന്‍റെ തെക്കേയറ്റത്ത് കേരളത്തില്‍ പുണ്യതീര്‍ത്ഥമായ പെരിയാറിന്‍തീരത്തെ കാലടിഗ്രാമത്തില്‍ വിദ്യാധിരാജപുത്രനായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും പുത്രനായി ജനനം. ബാല്യത്തില്‍ത്തന്നെ സര്‍വശാസ്ത്രപാരംഗതനായി അമ്മയുടെ അനുഗ്രഹത്തോടെ പരിവ്രജനജീവിതമാരംഭിച്ചു. നര്‍മദാതീരത്തില്‍ ഗൗഡപാദശിഷ്യനായ ഗോവിന്ദഭഗവത്പാദരില്‍ നിന്നും അദ്ധ്യാത്മവിദ്യയെ സ്വാംശീകരിച്ച് ആചാര്യനിര്‍ദേശത്താല്‍ കാശിയിലേക്ക് പരിവ്രജനം തുടരുകയും പ്രസ്ഥാനത്രയഭാഷ്യരചന നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്വൈതദര്‍ശനപ്രചരണാര്‍ത്ഥം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച് ചുരുങ്ങിയ കാലംകൊണ്ട് ഭാരതമെമ്പാടും സഞ്ചരിച്ച് തന്‍റെ വാദമുഖങ്ങളവതരിപ്പിച്ചു. സര്‍വജ്ഞപീഠം കയറി പണ്ഡിതലോകത്ത് ചിരപ്രതിഷ്ഠിത നായി. ഭാരതത്തിന്‍റെ ആദ്ധ്യാത്മിക പാരമ്പര്യത്തിന്‍റെ സംരക്ഷണ ത്തിനായി ശൃംഗേരി, ദ്വാരക, ബദരി, പുരി എന്നിവിടങ്ങളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. തന്‍റെ ശിഷ്യപ്രമുഖരായ സുരേശ്വരന്‍, ഹസ്താമലകന്‍, തോടകന്‍, പദ്മപാദന്‍ എന്നിവരെ യഥാക്രമം അവയുടെ പരിപാലനത്തിനായി നിയോഗിച്ചു. ദ്വാപരേ ഭഗവാന്‍ വ്യാസഃ കലൗ ശ്രീശങ്കരഃസ്വയം / ദ്വാപരയുഗത്തിലെ പ്രഥമഗണനീയനായ ആചാര്യന്‍ ഭഗവാന്‍ വ്യാസനായിരുന്നുവെങ്കില്‍ കലിയുഗത്തില്‍ ആ സ്ഥാനം ശ്രീശങ്കര ഭഗവത്പാദര്‍ക്കാണ്. ബാല്യത്തിലേ അത്യധികമായ ബുദ്ധിവൈഭവം പ്രദര്‍ശിപ്പിച്ചിരുന്ന ഈ അസാമാന്യപ്രതിഭയെക്കുറിച്ചൊരേകദേശരൂപം ഗ്രഹിക്കാന്‍ ഈ ശ്ലോകം ഉപകരിക്കും. അഷ്ടവര്‍ഷേ ചതുര്‍വേദീ ദ്വാദശേ സര്‍വശാസ്ത്രവിത് / ഷോഡശേ കൃതവാന്‍ ഭാഷ്യം ദ്വാത്രിംശേ മുനിരഭ്യഗാത് // എട്ടുവയസ്സിനുള്ളില്‍ നാലുവേദങ്ങളും പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സില്‍ സര്‍വശാസ്ത്രങ്ങളും അറിയുന്നവനായി. പതിനാറാമത്തെ വയസ്സില്‍ ഭാഷ്യങ്ങളെല്ലാം രചിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ദേഹത്യാഗവും ചെയ്തു. ശാങ്കരദര്‍ശനം(അദ്വൈതസിദ്ധാന്തം) ശ്ലോകാര്‍ധേന പ്രവക്ഷ്യാമി യദുക്തം ഗ്രന്ഥകോടിഭിഃ / ബ്രഹ്മസത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപരഃ // കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത് അരശ്ലോകംകൊണ്ട് പറയാം; ബ്രഹ്മം സത്യമാകുന്നു, ജഗത് മിഥ്യയത്രേ, ജീവാത്മാവ് ബ്രഹ്മം തന്നെ, മറ്റൊന്നുമല്ല. ബ്രഹ്മം മാത്രമേ യഥാര്‍ത്ഥത്തിലുള്ളു. ജീവനും അചേതനപ്രപഞ്ചവുമെല്ലാം മായാകല്പിതങ്ങളായ ബ്രഹ്മവിവര്‍ത്തങ്ങളാണ്. ജീവനും ബ്രഹ്മവും ഒന്നാണെന്നുള്ള ജ്ഞാനമുദിക്കുമ്പോള്‍ മായയകന്ന് മുക്തി ലഭിക്കും. കണ്ണിന്‍റെ കാഴ്ചക്കുറവുനിമിത്തം ചിലര്‍ കയറുകണ്ട് പാമ്പാണെന്നുതെറ്റിദ്ധരിക്കുന്നു. വെളിച്ചത്ത് നോക്കുമ്പോള്‍ കയറാണ് കാണുന്നത്. പാമ്പില്ലാതാകുന്നു. ഇതുപോലെയാണ് ബ്രഹ്മജ്ഞാനമുദിക്കുമ്പോള്‍ മായയകന്ന് ജഗത്തില്ലാതാകുന്നത്. അതിനാല്‍ ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യ എന്നതാണ് അദ്വൈതസിദ്ധാന്തം. ശുദ്ധമായ അന്തഃകരണത്തിലല്ലാതെ ജ്ഞാനം ഉദിക്കില്ല. ജ്ഞാനമല്ലാതെ കൈവല്യപ്രാപ്തിക്ക് മറ്റൊരുമാര്‍ഗവുമില്ല. അദ്വൈതിക്ക് വസ്തു ഒന്നേയുള്ളു; ആത്മാവെന്നോ പരമാത്മാവെന്നോ ബ്രഹ്മമെന്നോ പേരെന്തു പറഞ്ഞാലും സത്ത് ഒന്നു മാത്രം. മനുഷ്യന് പരിമിതമായ ഒന്നുകൊണ്ടും തൃപ്തിവരുന്നില്ല. അവന്‍ അപരിമിതമായ പൂര്‍ണത്തെ തേടുന്നു. പൂര്‍ണം ഒന്നേയുള്ളു. ഈ അദ്വൈതദര്‍ശനം കേവലം മേധാകല്പനയല്ല; ആപ്തന്മാരുടെ അനുഭൂതിയാണ്. അദ്വൈതം സ്വാനുഭവമാണ്; ചിന്താസന്താനമല്ല. വേദാന്തം ആ അനുഭൂതിയുടെ പ്രതിപാദനമാണ്. ഇതാണ് ശാങ്കരദര്‍ശനസാരം. ശ്രീശങ്കരകൃതികള്‍ ശ്രീശങ്കരകൃതികളില്‍ കര്‍തൃത്വത്തെക്കുറിച്ച് അനേകം വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ സമാഹാരത്തിലേയ്ക്ക് ശ്രീരംഗം വാണീവിലാസം 1910ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളെ പൂര്‍ണമായും, ശങ്കരകൃതമെന്ന് പ്രചരിക്കുന്നവയില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം ലഭ്യമായവയുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രസ്ഥാനത്രയഭാഷ്യം, മറ്റുപനിഷദ്ഭാഷ്യങ്ങള്‍, ലഘുഭാഷ്യങ്ങള്‍, ഭാഷ്യവിവരണം, ടീക, വേദാന്തസ്‌തോത്രങ്ങള്‍-പ്രകരണ പ്രബന്ധങ്ങള്‍, ഉപദേശരചനകള്‍, തന്ത്ര-മന്ത്രശാസ്ത്ര കൃതികള്‍, അനുശാസനരചനകള്‍, സ്‌തോത്രങ്ങള്‍ (ശിവന്‍, ദേവി, വിഷ്ണു, മറ്റുദേവതകള്‍, നദി, തീര്‍ത്ഥം) തുടങ്ങിയ രീതിയിലാണ് സമാഹരണത്തിന്‍റെ സൗകര്യത്തിനായി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നത്. ഭാഷ്യങ്ങള്‍ സൂത്രാര്‍ഥോ വര്‍ണ്യതേ യത്ര പദൈഃ സൂത്രാനുസാരിഭിഃ / സ്വപദാനി ച വര്‍ണ്യന്തേ ഭാഷ്യം ഭാഷ്യവിദോ വിദുഃ // സൂത്രത്തിന് അനുയോജ്യമായ വാക്യങ്ങളെക്കൊണ്ട് സൂത്രാര്‍ഥത്തെ വര്‍ണിക്കുകയും സ്വപദങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നതിനെയാണ് ഭാഷ്യം എന്നുപറയുന്നത്. ഭാഷ്യങ്ങള്‍ അനേകമുണ്ടെങ്കിലും 'ഭാഷ്യങ്ങള്‍' എന്നുമാത്രം പറയുമ്പോള്‍ സ്മരിക്കപ്പെടുന്നത് മൂന്നെണ്ണമാണ്. പാണിനീയസൂത്രങ്ങള്‍ക്കുള്ള പാതഞ്ജലഭാഷ്യം, ജൈമിനിയുടെ പൂര്‍വമീമാംസയ്ക്കുള്ള ശാബരഭാഷ്യം, പ്രസ്ഥാനത്രയത്തിന്‍റെ ശാങ്കരഭാഷ്യം എന്നിവയാണവ. പ്രസ്ഥാനത്രയഭാഷ്യം ശ്രുതിപ്രസ്ഥാനത്തില്‍പ്പെടുന്ന ഉപനിഷത്തുക്കള്‍, ന്യായപ്രസ്ഥാനത്തില്‍ വരുന്ന ബ്രഹ്മസൂത്രം, സ്മൃതിപ്രസ്ഥാനത്തിലെ ഭഗവദ്ഗീത ഇവയെയാണ് പ്രസ്ഥാനത്രയമെന്നു വ്യവഹരിക്കുന്നത്. ഇവയിലെ ജ്ഞാനരത്‌നങ്ങള്‍ കൃതകൃത്യങ്ങളായത് ശ്രീശങ്കര ഭഗവത്പാദരിലൂടെയാണ്. സൂക്ഷ്മദൃക്കുകള്‍ക്കു മാത്രമേ അവയുടെ പ്രകാശം കാണാനും വിലയിരുത്തുവാനും കഴിഞ്ഞിരുന്നുള്ളു. ആ അമൂല്യരത്‌നങ്ങള്‍ തേടിയെടുത്ത് മനോഹരമായി അടുക്കിയെടു ക്കുകയാണ് പ്രസ്ഥാനത്രയത്തിന്‍റെ പ്രസന്നഗംഭീരങ്ങളായ ഭാഷ്യങ്ങളിലൂടെ ആചാര്യര്‍ നിര്‍വ്വഹിച്ചത്. മോക്ഷപ്രാപ്തിക്ക് ജ്ഞാനമല്ലാതെ മറ്റുപായങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ശങ്കയ്ക്ക് പഴുതില്ലാത്തവണ്ണം ആചാര്യപാദര്‍ പ്രസ്ഥാനത്രയത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ഉപനിഷദ്ഭാഷ്യം സ്വതഃപ്രാമാണ്യമുള്ള ഉപനിഷത്തുക്കള്‍ക്കാണ് പ്രസ്ഥാനത്രയത്തില്‍ ഏറെ പ്രാധാന്യമുള്ളത് . ഇതിന് ശ്രുതിപ്രസ്ഥാനമെന്നും പറയുന്നു. വേദമാണ് ഭാരതീയരുടെ സകലവിജ്ഞാനങ്ങളുടേയും ഉദ്ഭവസ്ഥാനം. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം തുടങ്ങി ഓരോന്നിനും അനേകം ശാഖകളുണ്ട്. നാലിനുംകൂടി ആയിരത്തിഒരുന്നൂറ്റിയെണ്‍പത് ശാഖകളാണുള്ളതെന്നു മുക്തികോപനിഷത്ത് പ്രഖ്യാപിക്കുന്നു. എല്ലാവേദശാഖകളുടേയും അറ്റത്ത് ഓരോ ജ്ഞാനക്കനിയുണ്ട്. അവയാണ് ഉപനിഷത്തുകള്‍. വേദങ്ങളുടെ അവസാനം(അന്തം) ആയതുകൊണ്ട് ഉപനിഷത്തുകളെ വേദാന്തങ്ങളെന്നുപറയുന്നു. ഓരോ വേദശാഖയ്ക്കും ഓരോ ഉപനിഷത്ത് എന്നതാണ് കണക്ക്. ഋഗ്വേദത്തിന് ഇരുപത്തൊന്നും, യജുസ്സിന് നൂറ്റിയൊന്‍പതും സാമത്തിന് ആയിരവും അഥര്‍വത്തിന് അമ്പതും ശാഖകളാണുള്ളത്. മുക്തികോപനിഷത്തില്‍ ശ്രീഹനുമാനോടുള്ള ശ്രീരാമചന്ദ്രന്‍റെ ഉപദേശത്തില്‍ നൂറ്റിയെട്ട് ഉപനിഷത്തുകളുടെ പേരുകള്‍ എടുത്ത് പറയുന്നുണ്ടെങ്കിലും, കൈവല്യപ്രാപ്തിക്ക് മാണ്ഡൂക്യം തന്നെ ധാരാളമാകുമെന്നും ഉപദേശിക്കുന്നു. അതും മതിയാകാതെ (മനസ്സിലാകാതെ) വരുമ്പോള്‍ മാത്രമാണ് ദശോപനിഷത്തിന്‍റെ പഠനം നിര്‍വഹിക്കേണ്ടിവരുന്നത്. ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയാണ് ദശോപനിഷത്തുകള്‍. ഈ ഉപനിഷത്തുകള്‍ക്കാണ് പ്രശസ്തിയില്‍ അഗ്രിമസ്ഥാനമുള്ളത്. ഇവയെ ശ്രീശങ്കരന്‍ പ്രൗഢഗംഭീരമായ ഭാഷ്യങ്ങളാല്‍ ലോകോപകാരാര്‍ത്ഥം വെളിച്ചത്തേയ്ക്ക് ആനയിച്ചു. ബ്രഹ്മചര്യത്തില്‍ -വിദ്യാര്‍ഥി ജീവിതത്തില്‍- വേദം പഠിച്ച് ഗൃഹസ്ഥജീവിതത്തില്‍ യജ്ഞങ്ങള്‍ ചെയ്ത് കുടുംബഭാരം പുത്രനെയേല്പിച്ച് വാനപ്രസ്ഥാശ്രമത്തില്‍ ഈശ്വരോപാസന ചെയ്തു ജീവിച്ച് സന്ന്യാസവൃത്തി സ്വീകരിച്ച് ഉപനിഷദര്‍ത്ഥം ചിന്തിച്ച് ശാന്തി നേടുക എന്നതാണ് നമ്മുടെ പൂര്‍വികരുടെ ജീവിതക്രമം. ബ്രഹ്മസൂത്രശാങ്കരഭാഷ്യം ഭാരതീയദര്‍ശനങ്ങളില്‍ ഉത്കൃഷ്ടസ്ഥാനമലങ്കരിക്കുന്ന ഉത്തരമീമാംസയ്ക്ക് ആധാരമായിട്ടുള്ളത് ബാദരായണമഹര്‍ഷിയാല്‍ രചിക്കപ്പെട്ട ബ്രഹ്മസൂത്രങ്ങളാണ്. ന്യായപ്രസ്ഥാനമെന്നുപറയുന്ന ബ്രഹ്മസൂത്രം സമഗ്രമായ ഒരു ബ്രഹ്മവിചാരശാസ്ത്രമാണ്. ആകെ നാലധ്യായങ്ങളിലെ (4X4)പതിനാറു പാദങ്ങളിലായി നൂറ്റിതൊണ്ണൂറ്റിയൊന്ന് അധികരണങ്ങളിലൂടെ അഞ്ഞൂറ്റമ്പത്തിയഞ്ചുസൂത്രങ്ങളാണ് ബ്രഹ്മസൂത്രത്തിലുള്ളത്. സമന്വയാധ്യായമെന്ന ഒന്നാമധ്യായത്തില്‍ വേദാന്തവാക്യങ്ങളെല്ലാം ഏകബ്രഹ്മത്തില്‍ സമന്വയിച്ചുകാണിക്കുന്നു. അവിരോധാധ്യായമെന്നതാണ് രണ്ടാമധ്യായം. വേദാന്തമതത്തില്‍ യഥാശ്രുതമായിതോന്നുന്ന പലവക വൈരുധ്യങ്ങളെയും ഇതരവാദികളുടെ വൈരുധ്യവാദങ്ങളെയും സയുക്തികം പരിഹരിക്കുക എന്നുള്ളതാണ് ഇതിലെ വിഷയം. വേദാന്തത്തിലെ സാധനാസാധ്യങ്ങളെ സമന്വയിപ്പിച്ച് പ്രതിപാദിക്കുന്നതാണ് സാധനാധ്യായമെന്ന മൂന്നാമധ്യായം. മുക്തിരൂപമായ ഫലത്തെ സംബന്ധിക്കുന്ന പല സംഗതികളും വിവരിക്കുന്ന ഫലാധ്യായമാണ് നാലാമത്തേത്. സൂത്രങ്ങളെല്ലാം മനഃപാഠമാക്കിവെയ്ക്കുവാന്‍ പാകത്തില്‍ ചുരുക്കം പദങ്ങളെക്കൊണ്ട് നിര്‍മ്മിച്ചവയാണ്. വ്യാഖ്യാനം കൂടാതെ ഒരു സൂത്രത്തിന്‍റേയും അര്‍ത്ഥം ശരിക്കുമനസ്സിലാവുകയില്ല. ഓരോ സൂത്രവും കേവലം സൂചന മാത്രമേ നല്‍കുന്നുള്ളൂ. സൂത്രതാത്പര്യം ശരിയാംവണ്ണം മനസ്സിലാക്കാന്‍ ഭാഷ്യവ്യാഖ്യാനാദികള്‍ മാത്രമാണ് ശരണം. ബ്രഹ്മസൂത്രത്തിന് അനേകം ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. ഇന്ന് കിട്ടിയിട്ടുള്ളവയില്‍ പ്രധാനമായി പറയപ്പെടുന്ന ഭാഷ്യങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതാണ് ശ്രീശങ്കരകൃതമായ ശാരീരകമീമാംസാഭാഷ്യം. ഭഗവദ്ഗീതാഭാഷ്യം പ്രസ്ഥാനത്രയത്തില്‍ ഭഗവദ്ഗീത സ്മൃതിപ്രസ്ഥാനമാണെങ്കില്‍ പോലും 'സമസ്തവേദാര്‍ഥസാരസംഗ്രഹഭൂതം' എന്ന ബഹുമതി കല്പിച്ചുകൊണ്ടാണ് ആചാര്യന്‍ അതിന് ഭാഷ്യം ചമച്ചത്. മോക്ഷലബ്ധിക്ക് കേവലം രണ്ടുമാര്‍ഗങ്ങളേയുള്ളൂ എന്ന പ്രസ്താവത്തോടെയാണ് ആചാര്യന്‍ ഗീതാഭാഷ്യം ആരംഭിക്കുന്നത്. 'ദ്വിവിധോ ഹി വേദോക്തോ ധര്‍മഃ, പ്രവൃത്തിലക്ഷണോ നിവൃത്തിലക്ഷണശ്ച' (ഉപോദ്ഘാതം) (വേദം അനുശാസിക്കുന്ന രണ്ടുധര്‍മങ്ങള്‍ പ്രവൃത്തിധര്‍മവും നിവൃത്തിധര്‍മവുമാണ്). പ്രാചീനഗ്രന്ഥങ്ങളില്‍ ഉപനിഷത്തുക്കളൊഴിച്ചാല്‍ ഭഗവദ്ഗീതയോളം മാഹാത്മ്യമുള്ള അന്യഗ്രന്ഥമില്ലെന്നുതന്നെ പറയാം. സകലജാതിധര്‍മങ്ങളും പുരുഷാര്‍ത്ഥങ്ങളും ഈ ചെറിയ ഗ്രന്ഥത്തില്‍ സംക്ഷേപമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അന്യോന്യവിരുദ്ധങ്ങളായി തോന്നപ്പെടുന്ന സാംഖ്യം, യോഗം, ഭക്തി മുതലായ സിദ്ധാന്തങ്ങള്‍ ഇതില്‍ അതിഭംഗിയായി യോജിപ്പിച്ചിരിക്കുന്നു. വിശേഷിച്ച് സകലര്‍ക്കും ഉതകുന്നതായും സകലര്‍ക്കും രുചിക്കത്തക്കതായുമുള്ള സാധനാ വിഷയങ്ങള്‍ ഗീതാശാസ്ത്രത്തില്‍ അടങ്ങിയിരിക്കുന്നു. അത് ഈ ഗ്രന്ഥത്തിനുള്ള ഒരു പ്രത്യേക മാഹാത്മ്യമാകുന്നു. ബാല്യാവസ്ഥയിലിരിക്കുന്ന ജിജ്ഞാസുവിന് ഇത് അതികഠിനമോ, അല്ലെങ്കില്‍ ഏറ്റവുമുന്നതസ്ഥിതിയിലിരിക്കുന്ന തത്ത്വജ്ഞാനിക്ക് വക പോരാത്തതോ ആകുന്നില്ല. ഒരുവന്‍റെ അന്തഃകരണം എത്രത്തോളം വികാസത്തെ പ്രാപിച്ചിരിക്കുന്നുവോ എത്രത്തോളം ശുദ്ധമായിരിക്കുന്നുവോ, അതിനനുസരിച്ചുള്ള പാഠം ഗീതാശാസ്ത്രം അവനെ പഠിപ്പിക്കുന്നു. സര്‍വവേദാര്‍ത്ഥങ്ങളുടെയും സാരമായ ഈ ഗീതാശാസ്ത്രം വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. അതിലെ സാരോപദേശങ്ങളെ വിശദമാക്കുന്നതിന് അനേകം വ്യാഖ്യാതാക്കള്‍ പദംപ്രതി വ്യാഖ്യാനിച്ചു പരിശോധിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ലൗകികന്മാരെ അന്യോന്യവിരുദ്ധങ്ങളായ അര്‍ത്ഥങ്ങളെ പഠിപ്പിക്കുന്നവയായും, അനേകാര്‍ത്ഥങ്ങളോടുകൂടിയവയായും കാണപ്പെടുന്നു. ഇവിടെയാണ് നമ്മെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ശ്രീശങ്കരഭാഷ്യം പ്രസക്തമാകുന്നത്. ഈ ശാസ്ത്രം കൊണ്ടുള്ള പ്രയോജനം പരമപദപ്രാപ്തിയും, സംസാരത്തില്‍ നിന്നും തത്ക്കാരണത്തില്‍ നിന്നുമുള്ള നിവൃത്തിയുമാകുന്നു. അത് സര്‍വകര്‍മസന്ന്യാസപൂര്‍വ്വകമായിട്ടുള്ള ആത്മജ്ഞാനനിഷ്ഠാരൂപമായ ധര്‍മാചരണംകൊണ്ടുണ്ടാകുന്നു. മറ്റുപനിഷദ്ഭാഷ്യങ്ങള്‍ ദശോപനിഷത്തുക്കള്‍ക്കു പുറമെ മൂന്നുപനിഷത്തുക്കള്‍ക്കുകൂടി ആചാര്യഭാഷ്യം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവ കൃഷ്ണയജുര്‍വേദാന്തര്‍ഗത ഉപനിഷദ്ശാഖയായ ശ്വേതാശ്വതരോപനിഷത്തിനും അഥര്‍വവേദാന്തര്‍ഗതമായ നൃസിംഹപൂര്‍വതാപനീയോപനിഷത്തിനും ശുക്ലയജുര്‍വേദാന്തര്‍ഗതമായ മണ്ഡലബ്രാഹ്മണോപനിഷത്തിനുമാണ്. ശ്വേതാശ്വതരനെന്നു പ്രസിദ്ധനായ ഋഷി തന്‍റെ സന്ന്യാസി ശിഷ്യന്മാര്‍ക്കുപദേശിക്കുന്നതാണ് ശ്വേതാശ്വതരോപനിഷത്. നിര്‍ഗുണബ്രഹ്മസാക്ഷാത്കാരം കൊണ്ടല്ലാതെ മോക്ഷം കിട്ടുകയില്ലെന്ന് ഇതില്‍ ഉറപ്പിച്ചുപറയുന്നു. ആദ്ധ്യാത്മികജീവിതത്തില്‍ സഗുണനിര്‍ഗുണോപാസനകള്‍ക്കുള്ള സ്ഥാനം ഇതില്‍ വ്യക്തമായി വിവരിക്കുന്നു. ഭക്തന്മാര്‍ക്കും ജ്ഞാനികള്‍ക്കും മാര്‍ഗദര്‍ശനം നല്കുന്ന വിവരണം ശ്വേതാശ്വതരത്തിന്‍റെ ഒരു പ്രത്യേകതയാകുന്നു. ശ്രുതിസ്മൃതികള്‍ക്കുപുറമെ പുരാണങ്ങളില്‍ നിന്നും ധാരാളം ശ്ലോകങ്ങള്‍ ഭാഷ്യത്തില്‍ ഉദ്ധരിച്ചുകാണുന്നുണ്ട്. സാധകന്മാര്‍ക്ക് ആദ്ധ്യാത്മികവിഷയങ്ങളിലുണ്ടാവുന്ന പല സംശയങ്ങളും പരിഹരിക്കുവാന്‍ സഹായകമായിത്തീരുന്നതാണ് ഈ ഉപനിഷത്. നൃസിംഹമന്ത്രോപാസനാവിഷയം ചര്‍ച്ചചെയ്യുന്നതാണ് നൃസിംഹപൂര്‍വതാപനീയോപനിഷദ്ഭാഷ്യം. ഉപാസനയിലൂടെ തത്ത്വസാക്ഷാത്കാരമാര്‍ഗം അതില്‍ സ്പഷ്ടമാക്കിയിരിക്കുന്നു. രാജയോഗത്തെ യാജ്ഞവല്ക്യ-സൂര്യ സംവാദരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മണ്ഡലബ്രാഹ്മണോപനിഷത്തിന്‍റെ രാജയോഗഭാഷ്യമെന്ന ആചാര്യ ഭാഷ്യത്തിലൂടെ രാജയോഗതത്ത്വ രഹസ്യങ്ങള്‍ ഏതൊരു സാധകനും അനായാസം മനസ്സിലാക്കാവുന്നതാണ്. ലഘുഭാഷ്യങ്ങള്‍ പ്രസ്ഥാനത്രയഭാഷ്യങ്ങള്‍ക്കുപുറമെ ലളിതാത്രിശതിക്കും ഹസ്താമലകസ്‌തോത്രത്തിനും മഹാഭാരതാന്തര്‍ഗതങ്ങളായ വിഷ്ണുസഹസ്രനാമസ്‌തോത്രം സനത്സുജാതീയം ആപസ്തംബധര്‍മസൂത്രാന്തര്‍ഗതമായ അദ്ധ്യാത്മപടലം എന്നിവയ്ക്കും ഭഗവത്പാദര്‍ ഭാഷ്യം ചമച്ചിട്ടുണ്ട്. വിഷ്ണുസഹസ്രനാമഭാഷ്യം 'ഗേയം ഗീതാ നാമസഹസ്രം' എന്നിങ്ങനെ സ്‌തോത്രങ്ങളില്‍വച്ച് ഏറ്റവും മാഹാത്മ്യമേറിയ സ്‌തോത്രം വിഷ്ണുസഹസ്രനാമവും, തത്ത്വശാസ്ത്രഗ്രന്ഥങ്ങളില്‍ ഭഗവദ്ഗീതയുമാണെന്നു നിസ്സംശയം ശ്രീശങ്കരഭഗവത്പാദര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹസ്രനാമങ്ങളുടെ വര്‍ഗത്തില്‍ ആദ്യമുണ്ടായത് ഭീഷ്മാചാര്യനാല്‍ ഉപദേശിക്കപ്പെട്ട വിഷ്ണുസഹസ്രനാമമാണെന്നും, അതിനെ അനുകരിച്ചാണ് മറ്റു സഹസ്രനാമങ്ങളെല്ലാമുണ്ടായതെന്നുമാണ് പണ്ഡിത മതം. സഹസ്രനാമജപം കൊണ്ട് ഏതുരോഗവും ഏതുബന്ധവും ഏതുഭയവും ഏതാപത്തും നീങ്ങിപ്പോകുമെന്നാണ് ഭീഷ്മപിതാമഹന്‍ പറയുന്നത്. ധര്‍മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിക്കുന്നതിനുള്ള ഒറ്റമൂലിയാണ് സഹസ്രനാമം. വിഷ്ണുസഹസ്രനാമത്തിനു പല വ്യാഖ്യാനങ്ങളുമുണ്ടെങ്കിലും ശ്രീശങ്കരഭഗവത്പാദരുടെ ഭാഷ്യമാണ് ആധികാരികമായ വ്യാഖ്യാനം. മറ്റു ഭാഷ്യങ്ങളില്‍ ആചാര്യര്‍ ഉപനിഷത്തുകളും ഭഗവദ്ഗീതയും മാത്രം അദ്വൈതസിദ്ധാന്തം സ്ഥാപിക്കുന്നതിനുവേണ്ടി ഉദ്ധരിക്കുമ്പോള്‍, സഹസ്രനാമഭാഷ്യത്തില്‍ ശ്രുതികള്‍ക്കു പുറമെ സ്മൃതികളും പുരാണങ്ങളും എല്ലാം വളരെയധികം ഉദ്ധരിച്ചുകാണുന്നു. ഈ പ്രക്രിയയില്‍ക്കൂടി, പുരാണേതിഹാസാദികളും ഏകവും അഖണ്ഡസച്ചിദാനന്ദാത്മകവുമായ ബ്രഹ്മത്തെത്തന്നെയാണ് പ്രതിപാദിക്കുന്നതെന്ന് ആചാര്യര്‍ സ്ഥാപിക്കുന്നു. സഹസ്രനാമത്തിന്‍റെ ഉള്ളിലേക്കുകടക്കുമ്പോള്‍ അതില്‍ പ്രതിപാദിക്കുന്ന ദേവന്‍, സ്ത്രീ-പുരുഷ-നപുംസകഭേദമോ, ശിവന്‍, വിഷ്ണു, ദേവി, സൂര്യന്‍, ഗണപതി, സുബ്രഹ്മണ്യന്‍ ഇത്യാദി വ്യക്തിഭേദങ്ങളോ ഇല്ലാത്ത നിഷ്‌കളബ്രഹ്മംതന്നെയാണെന്ന് കാണാവുന്നതാണ്. മാത്രമല്ല ഒരേ ഈശ്വരനെത്തന്നെയാണ് മേല്‍പറഞ്ഞ നാമരൂപാദികളില്‍ക്കൂടി ഉപാസിക്കുന്നതെന്നും സിദ്ധിക്കുന്നു. സനത്സുജാതീയഭാഷ്യം മഹാഭാരതത്തില്‍ വിദുരരുടെ അഭ്യര്‍ത്ഥനയാല്‍ സനത്കുമാരമഹര്‍ഷി ധൃതരാഷ്‍ട്രര്‍ക്ക് നല്കുന്ന ആത്മതത്ത്വോപദേശമാണ് സനത്സുജാതീയം. ഇതിന്‍റെ ഭാഷ്യത്തില്‍ ആചാര്യര്‍ അദ്വൈതസിദ്ധാന്തത്തിന്‍റെ മൗലികമായ തത്ത്വങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നു. 'ജ്ഞാനത്തിലൂടെ മാത്രമേ മോക്ഷം സിദ്ധിക്കുകയുള്ളൂ' (ജ്ഞാനാദേവ തു കൈവല്യം), 'പ്രമാദമാണ് മൃത്യു' (പ്രമാദോ വൈ മൃത്യുഃ) 'കര്‍മം ചിത്തശുദ്ധിദ്വാരാ മോക്ഷസാധനമാകുന്നു' (ചിത്തസ്യ ശുദ്ധയേ കര്‍മ, ന തു വസ്തൂപലബ്ധയേ) എന്നീ സിദ്ധാന്തങ്ങള്‍ ഭാഷ്യത്തിന്‍റെ ആദ്യാധ്യായത്തില്‍ത്തന്നെ ചര്‍ച്ച ചെയ്തിരിക്കുന്നു. പിന്നീടുള്ള അധ്യായങ്ങളില്‍ 'ജ്ഞാനിക്കു പുനര്‍ജന്മമില്ല' (ന സ പുനരാവര്‍തതേ), 'ജീവാത്മാവ് ബ്രഹ്മം തന്നെയാണ്' (ജീവോ ബ്രഹ്മൈവ നാപരഃ) എന്നീ തത്ത്വങ്ങളും ചര്‍ച്ച ചെയ്യുന്നു. അതുകൂടാതെ മോക്ഷത്തെ ഇച്ഛിക്കുന്നവര്‍ക്ക് അവശ്യം വേണ്ട സദ്ഗുണങ്ങളേയും ഒഴിവാക്കേണ്ട ദോഷങ്ങളേയും കുറിച്ച് സനത്സുജാതീയത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. എല്ലാംകൊണ്ടും ഒരു ജിജ്ഞാസുവിന് അത്യന്തം പ്രയോജനപ്പെടുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് സനത്സുജാതീയം. ശ്രീലളിതാത്രിശതിഭാഷ്യം ദേവിയുടെ മന്ത്രങ്ങളില്‍വച്ച് മഹത്ത്വമേറിയതാണ് പഞ്ചദശാക്ഷരീമന്ത്രങ്ങള്‍. ഈ ശ്രീവിദ്യാമന്ത്രത്തിന്‍റെ ഓരോ അക്ഷരത്തിന് ഇരുപത് നാമങ്ങള്‍ വീതം മുന്നൂറ് നാമങ്ങളോടുകൂടിയതാണ് ലളിതാത്രിശതീസ്‌തോത്രം. ഇതിന് കാദിവിദ്യയെന്ന പേരുമുണ്ട്. 'ആര്‍ക്ക് പുനര്‍ജന്മമില്ലയോ അവന് മാത്രം ശ്രീവിദ്യ ലഭിക്കുന്നു.' 'ശ്രീവിദ്യോപാസകന്‍ സാക്ഷാത് പരമശിവനാകുന്നു' എന്നു തുടങ്ങി ശ്രീവിദ്യാമഹിമയെ പ്രമാണങ്ങളില്‍ അപാരമായി വര്‍ണിച്ചിരിക്കുന്നു. ഈ സ്‌തോത്രം കാമേശ്വരകാമേശ്വരിമാരാല്‍ നിര്‍മ്മിക്കപ്പെട്ട് വിഷ്ണുവിന്‍റെ അവതാരമായ ഹയഗ്രീവന്‍ ധരിച്ച് അഗസ്ത്യമഹര്‍ഷിക്കുപദേശിക്കപ്പെട്ട് ശിഷ്യപരമ്പരയായി ലോകത്തില്‍ പ്രസിദ്ധമായിട്ടുള്ളതാണെന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. ഈ സ്‌തോത്രം ബീജാക്ഷരാര്‍ത്ഥസമന്വിതവും സാക്ഷാത് ദേവിയാല്‍ സര്‍വകാമവും കര്‍മവും സമ്പൂര്‍ണമാകുവാനുമായി ദേവീഭക്തര്‍ക്ക് നിത്യപാരായണത്തിനായി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഭാഷ്യത്തില്‍ ആചാര്യപാദര്‍ ഇതിന്‍റെ വേദാന്താര്‍ത്ഥതലങ്ങളെയും വളരെ വിശദമായി ചര്‍ച്ചചെയ്തിരിക്കുന്നു. ക്ലിഷ്ടവും പ്രൗഢവുമായ ഈ മന്ത്രരഹസ്യത്തെ ഭാഷ്യസഹായത്താല്‍ ഏതൊരു സാധകനും ആയാസരഹിതമായി മനസ്സിലാക്കാവുന്നതാണ്. ഹസ്താമലകസ്‌തോത്രഭാഷ്യം ലോകര്‍ ജഡനെന്നു വിധിയെഴുതിയ ഒരു ബാലനില്‍നിന്നും പുറപ്പെട്ട അദ്ധ്യാത്മജ്ഞാനസ്രോതസ്സാണ് ഹസ്താമലക സ്‌തോത്രം. അതിപ്രൗഢമായ വേദാന്തതത്ത്വം വളരെ ഒതുക്കി വ്യക്തമാക്കുന്നവയാണ് ഇതിലെ ശ്ലോകങ്ങള്‍. ആത്മസ്വരൂപം, ഉള്ളം കയ്യിലെ നെല്ലിക്കപോലെ ആര്‍ക്കും സുഗ്രഹമായിത്തീരുന്നതിനാല്‍ ഈ ശ്ലോകങ്ങള്‍ക്ക് ഹസ്താമലകസ്‌തോത്രം എന്ന പേരുസിദ്ധിച്ചു. ഗുരുശിഷ്യസംവാദരൂപത്തിലുള്ളതാണ് ഈ സ്‌തോത്രം. ഈ സ്‌തോത്രത്തിന്‍റെ കര്‍ത്താവായ ബാലനാണ് പില്‍ക്കാലത്ത് ഹസ്താമലകാചാര്യ നാമത്തില്‍ ശ്രീ ശങ്കരാചാര്യ ശിഷ്യപ്രധാനിയായി പ്രസിദ്ധനായത്. ഈ സ്‌തോത്രം ശ്രദ്ധയോടെ പഠിക്കുന്ന ആര്‍ക്കും 'അഹം ബ്രഹ്മാസ്മി' എന്ന പരമതത്ത്വം കരതലാമലകം പോലെ സുവിദിതമാകും. സ്വശിഷ്യന്‍റെ കൃതിക്ക് ഭാഷ്യംചമച്ച് ആചാര്യപാദര്‍ ഇതിന്‍റെ പ്രൗഢത ഒന്നുകൂടി വ്യക്തമാക്കുന്നു. അദ്ധ്യാത്മപടലഭാഷ്യം ആപസ്തംബധര്‍മസൂത്രാന്തര്‍ഗതമായ ആത്മതത്ത്വവിചാരമാണ് അദ്ധ്യാത്മപടലം. കര്‍മക്ഷയത്തോടെ ആത്മജ്ഞാനമുദിക്കുന്നുവെന്നതിനെ സംബന്ധിച്ചും ധര്‍മാധര്‍മവിഷയങ്ങളിലുള്ള ചര്‍ച്ചയുമെല്ലാം ചേര്‍ന്ന ഈ ലഘുകൃതി ആചാര്യപാദരുടെ പ്രൗഢമായ ഭാഷ്യത്താല്‍ ശോഭിക്കപ്പെടുന്നു. സാംഖ്യകാരിക ടീക 'ടീക്യതേ ഗമ്യതേ ഗ്രന്ഥാര്‍ഥഃ' ഇതിനാല്‍ ഗ്രന്ഥാര്‍ത്ഥം വെളിവാകുന്നു എന്നതാണ് 'ടീകാ' ശബ്ദാര്‍ത്ഥം. ഗ്രന്ഥത്തിന്‍റെ സമഷ്ടിയായ അര്‍ഥവിവരണമാണ് ടീക. ശ്രീമദ് ഈശ്വരകൃഷ്ണ വിരചിതമായ സാംഖ്യകാരികയ്ക്ക് ശങ്കരാചാര്യരുടേതെന്നു പറയപ്പെടുന്ന ടീകയാണ് ജയമംഗളാടീക. പല പ്രഗത്ഭപണ്ഡിതരും ഈ ടീക ആദിശങ്കരകൃതമല്ലെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാകേണ്ടതാണെന്ന ലക്ഷ്യത്തോടെ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു. ഭാഷ്യവിവരണം ആസ്തികദര്‍ശനങ്ങളില്‍ പതഞ്ജലി മഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങള്‍ക്ക് പുരാതനസൂത്രാര്‍ത്ഥ വിവരണ ശൈലിയില്‍നിന്നും വ്യതിചലിക്കാതെ തയ്യാറാക്കപ്പെട്ടതാണ് വ്യാസ ഭാഷ്യം. ഇതിന് ഒരു ഭാഷ്യവിവരണം ശ്രീശങ്കരഭഗവദ്പാദകൃതമെന്ന രീതിയില്‍ 1952 ല്‍ മദ്രാസ് ഗവണ്‍മെന്‍റ് ഓറിയന്‍റല്‍ സീരീസി (നം.44) ല്‍നിന്നും പ്രസിദ്ധീകരിച്ചത് കര്‍തൃത്വത്തെ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാകേണ്ടതാണെന്ന ലക്ഷ്യത്തോടെ ഇവിടെ ഉള്‍പ്പെടുത്തുന്നു. വേദാന്തസ്‌തോത്രങ്ങള്‍ - പ്രകരണ പ്രബന്ധങ്ങള്‍ ശാസ്ത്രങ്ങളിലെ പ്രൗഢങ്ങളായ വിഷയങ്ങള്‍ അല്പജ്ഞന്മാര്‍ക്ക് അറിയാന്‍ വേണ്ടി ആചാര്യന്മാര്‍ ഉപക്രമോപസംഹാരാദി ലക്ഷണങ്ങളോടുകൂടിയ 'പ്രകരണ'ങ്ങളായി എഴുതാറുണ്ട്. പ്രൗഢമായ വിഷയത്തെ ലളിതമായി സ്വന്തംഭാഷയില്‍ ലക്ഷണങ്ങളൊപ്പിച്ച് എഴുതുന്നതിനാണ് പ്രകരണമെന്നുപറയുന്നത്. അദ്വൈതവേദാന്തത്തെ അധികരിച്ച് പല ആചാര്യന്മാരും അനേകം പ്രകരണങ്ങളെഴുതിയിട്ടുണ്ട്. ഏറ്റവുമധികം വേദാന്തപ്രകരണങ്ങളെഴുതിയത് ശ്രീശങ്കരഭഗവത്പാദരാണെന്നത് പ്രസിദ്ധമാണ്. ഒരേ വിഷയത്തെ അധികരിച്ച് ഇത്രയധികം പ്രകരണങ്ങള്‍ മറ്റേതൊരാചാര്യരും എഴുതിയിട്ടില്ലെന്നതും പ്രസ്താവ്യമാണ്. അദ്വൈതാനുഭൂതിയുടെ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് ആചാര്യന്‍ ഉപദേശിക്കുന്നത്. അനുഭവസമ്പന്നന് കാര്യങ്ങള്‍ നിസ്സന്ദേഹം സുദൃഢം പ്രഖ്യാപിക്കാം. ശ്രീശങ്കരന്‍റെ വാക്യങ്ങള്‍ അപ്രകാരമുള്ള പ്രഖ്യാപനങ്ങളാണ്. ബൃഹത്തായ പ്രസ്ഥാനത്രയഭാഷ്യങ്ങളിലായാലും പ്രകരണഗ്രന്ഥങ്ങളിലായാലും ആ ദര്‍ശനം തെളിഞ്ഞുകാണാം. സമഗ്രദര്‍ശനം ലഭിച്ചവര്‍ പറയുന്നതിലെല്ലാം ആ സമഗ്രത കാണാന്‍ കഴിയും. സാധാരണജനങ്ങളുടെ ഇടയ്ക്കു അദ്വൈതസിദ്ധാന്തം എത്തിക്കുന്നതിനു വേണ്ടിയാണ് ശ്രീശങ്കരന്‍ പ്രകരണഗ്രന്ഥങ്ങളും വേദാന്തസ്‌തോത്രങ്ങളും രചിച്ചിട്ടുള്ളത്. ഏകശ്ലോകി മുതല്‍ ചെറുതും വലുതുമായ ഒട്ടേറെ കൃതികള്‍ ഈ വിഭാഗത്തിലുണ്ട്. എത്ര ചെറുതായാലും അതില്‍ അദ്വൈതവേദാന്തത്തെ വ്യക്തമായി പ്രകാശിപ്പിക്കുകയെന്നത് ആചാര്യരുടെ രചനാപാടവമാണ്. ഉപദേശരചനകള്‍ വിവേകചൂഡാമണി അനുഭൂതിസമ്പന്നനായ ഒരു സദ്ഗുരുവിന്‍റെ അഭാവത്തില്‍, ആ സ്ഥാനം വഹിക്കാന്‍ കഴിയുന്നത്ര വിശിഷ്ടവും ലളിതവും ആയ ഒരു മഹനീയഗ്രന്ഥമാണിത്. തത്ത്വമസി എന്ന മഹാവാക്യത്തില്‍ അന്തര്‍ഭവിക്കുന്ന പരമാത്മതത്ത്വത്തിന്‍റെ പ്രതിപാദനമാണ് ഈ പ്രകരണം. പ്രപഞ്ചം, ജീവന്‍, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരന്‍, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിര്‍വ്വചിച്ച് സമഗ്രമായ വേദാന്തദര്‍ശനത്തെ അറുപതോളം ദാര്‍ശനിക വിഷയങ്ങളായി 586 ശ്ലോകങ്ങളിലൂടെ ഇതില്‍ വിവരിച്ചിരിക്കുന്നു. ഒരു യഥാര്‍ത്ഥക്രാന്തദര്‍ശിയുടെ അനുഭൂതികാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചുപറയുന്നു. അദ്വൈത വേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്. ഉപദേശസാഹസ്രി രത്‌നാകരസദൃശമായ പ്രസ്ഥാനത്രയഭാഷ്യങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത് ഉരച്ചുമാറ്റുകൂട്ടിയ വേദാന്തരത്‌നങ്ങളാണ് സുപ്രസിദ്ധമായ ഉപദേശസാഹസ്രി. ശിഷ്യപ്രബോധനാര്‍ത്ഥം നിസര്‍ഗ്ഗസുന്ദരമായ കവിതാമാധ്യമത്തില്‍ക്കൂടി വേദാന്തസിദ്ധാന്തങ്ങളെ അവതരിപ്പിക്കുന്ന അനവധി രചനകള്‍ ആചാര്യസ്വാമികളുടേതായി ലഭ്യമാണ്. അവയില്‍ എല്ലാംകൊണ്ടും ആധികാരികവും ആകാരത്തില്‍ ആകര്‍ഷകവും വിവേകികള്‍ക്ക് നിത്യചൂഡാരത്‌നവുമായ തത്ത്വസമാഹാരമാണ് ഉപദേശസാഹസ്രി. രണ്ടു പ്രബന്ധങ്ങളാണിതിലടങ്ങിയിരിക്കുന്നത്. ആദ്യഭാഗം മൂന്നു പ്രകരണങ്ങളി ലായി അറുപതോളം വിഷയങ്ങളുള്ള ഗദ്യപ്രബന്ധമാണ്. രണ്ടാം ഭാഗമായ പദ്യപ്രബന്ധത്തില്‍ പത്തൊമ്പത് അദ്ധ്യായങ്ങളിലായി നൂറോളം വിഷയങ്ങള്‍ എഴുന്നൂറോളം ശ്ലോകങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം ശ്രീ ശങ്കരഭഗവത്പാദരുടെ വേദാന്തപ്രകരണങ്ങളിലും ഉപദേശരചനകളിലും എല്ലാംകൊണ്ടും ബൃഹത്തും പ്രൗഢഗംഭീരവുമായ കൃതിയാണ് സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം. ഈ ഒരു പ്രകരണത്തെ മാത്രം ശരിയായി പഠിച്ചാല്‍ത്തന്നെ ഒരാള്‍ക്ക് അദ്വൈതവേദാന്തത്തില്‍ നിസ്സംശയമായ അറിവുണ്ടാകും. അത്രമാത്രം വിപുലവും സമ്പൂര്‍ണവുമാണ് ഇതിലെ പ്രതിപാദനം. പ്രായേണ ശാസ്ത്രത്തിന്‍റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുകയും, ആവശ്യമുള്ളിടത്ത് പൂര്‍വ്വപക്ഷങ്ങളെ അവതരിപ്പിക്കുകയും സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഈ പ്രകരണം വലിയൊരനുഗ്രഹം തന്നെയാണ്. അനുശാസനാരചനകള്‍ ഭാരതത്തിന്‍റെ ആദ്ധ്യാത്മികപാരമ്പര്യ സംരക്ഷണത്തിനായി ശൃംഗേരി, ദ്വാരക, ബദരി, പുരി എന്നിവിടങ്ങളിലായി നാലുമഠങ്ങള്‍ സ്ഥാപിച്ച് ആചാര്യസ്വാമികള്‍ അവയുടെ പരിപാലനത്തിനായി ചില നിയമങ്ങളും വ്യവസ്ഥകളും തയ്യാറാക്കുകയുണ്ടായി. മഠാമ്‌നായോപനിഷത്, മഠാമ്‌നായസേതു, മഹാനുശാസനം എന്നിവയാണ് ഈ ഗണത്തിലുള്‍പ്പെടുന്നത്. തന്ത്ര-മന്ത്രശാസ്ത്രകൃതികള്‍ പ്രപഞ്ചസാരം ഏതു ദേവതാസ്വരൂപത്തെയും സാക്ഷാത്കരിക്കാന്‍ ധ്യാനം, പൂജ, ഭജനം തുടങ്ങിയ മാര്‍ഗങ്ങള്‍ ദൃഢവും വ്യവസ്ഥാപിതവുമാകേണ്ടതുണ്ട്. ഇതിനായി മന്ത്രങ്ങളും പൂജാതന്ത്രങ്ങളും യോഗമാര്‍ഗങ്ങളും ആവശ്യമായിത്തീരുന്നു. ശൈവാഗമങ്ങളും വൈഷ്ണവപഞ്ചരാത്രങ്ങളും ശാക്തതന്ത്രങ്ങളും യോഗസൂത്രങ്ങളും ഇതിലേയ്ക്ക് വെളിച്ചം വീശുന്നു. ആധുനികങ്ങളായ തന്ത്രശാസ്ത്രങ്ങള്‍ പലതും പൂര്‍വ്വഗ്രന്ഥങ്ങളെ ആശ്രയിച്ചു രചിക്കപ്പെട്ടവയാണ്. ഇവിടെയാണ് അടിസ്ഥാന തന്ത്രശാസ്ത്രഗ്രന്ഥമായ പ്രപഞ്ചസാരത്തിന്‍റെ അനുപേക്ഷണീയത വെളിവാകുന്നത്. മന്ത്രശാസ്ത്രത്തിന്‍റെ ഉള്ളറകളിലേയ്ക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന ഈ ഗ്രന്ഥത്തില്‍ മറ്റു തന്ത്രഗ്രന്ഥങ്ങളിലൊന്നും കാണാത്ത ശരീരോത്പത്തി വളരെ വിസ്തരിച്ച് പ്രതിപാദിക്കുന്നു. ശരീരവും മന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാന്‍ സാധകര്‍ക്ക് ഇത് വളരെ സഹായകമായിത്തീരുന്നു. സര്‍വവര്‍ണാത്മികയും സര്‍വമന്ത്രാത്മികയുമായി ശോഭിക്കുന്ന ശാരദാംബയെ വന്ദിയ്ക്കുന്ന മംഗളാചരണത്തോടെ ആരംഭിക്കുന്ന ഈ ഗ്രന്ഥത്തില്‍ സൗരം, ഗാണപത്യം, ശാക്തം, ശൈവം, വൈഷ്ണവം എന്നീ പഞ്ചദേവതാപൂജാസങ്കല്പങ്ങളും ഉള്‍ക്കൊള്ളുന്നു. മുപ്പത്തിമൂന്ന് പടലങ്ങളിലായി അഞ്ഞൂറോളം വിഷയങ്ങളില്‍ പ്രപഞ്ചസൃഷ്ടിമുതല്‍ മനുഷ്യസൃഷ്ടിവരെയുള്ള അപൂര്‍വപ്രതിഭാസങ്ങളെ ചിത്രീകരിച്ചിരിക്കുന്നു. നിരവധി അപൂര്‍വപ്രതിഷ്ഠാമന്ത്രങ്ങളും പൂജാതത്ത്വത്തിന്‍റെ ധ്യാനശ്ലോകങ്ങളും അടങ്ങിയിട്ടുണ്ട്. അന്തരംഗസാധനയായ ഉപാസനയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പ്രപഞ്ചസാരം മന്ത്ര-തന്ത്ര-യന്ത്രോപാസകര്‍ക്കെന്നപോലെ ഏതൊരുപാസകനും വഴികാട്ടിയാണ്. സപര്യാഹൃദയം സപര്യ(പൂജ)യുടെ രഹസ്യം വെളിവാക്കുന്ന കൃതിയാണ് സപര്യാഹൃദയം. പൂജാവിധികളുടെ താത്ത്വികാര്‍ത്ഥം വ്യക്തമാക്കുന്ന ഈ കൃതി താന്ത്രികതയും വൈജ്ഞാനികതയും ആദ്ധ്യാത്മികതയും നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥം കൂടിയാണ്. താന്ത്രികമതപ്രകാരം ബാഹ്യമായി അനുഷ്ഠിക്കുന്ന പൂജാവിധികളല്ല, പരമമായ ആത്മതത്ത്വത്തെ സാക്ഷാത്കരിക്കലാണ് യഥാര്‍ത്ഥ പൂജയെന്നും ഈ കൃതി വ്യക്തമാക്കുന്നു. സ്‌തോത്രകൃതികള്‍ മന്ത്രം, സ്‌തോത്രം, നാമസങ്കീര്‍ത്തനം മുതലായവ മാനവ സമുദായത്തിന്‍റെ സദാചാരബോധത്തിനും ആഭ്യന്തരസംസ്‌കാരത്തിനും വഴിതെളിക്കുന്നു. അക്ഷരങ്ങളായ ശബ്ദങ്ങളുടെ സമുദായമാണ് സ്‌തോത്രം. ഇഷ്ടദേവതയുടെ ഗുണവര്‍ണനമാണ് അവയിലെ പ്രതിപാദ്യം. ഇവയില്‍ ധ്യാനരൂപേണയുള്ള മാനസികപൂജാസ്‌തോത്രങ്ങളും നിരവധിയുണ്ട്. ജീവാത്മപരമാത്മാക്കളുടെ ഏകത്വജ്ഞാനമാണ് മോക്ഷോപായമെന്നും ജ്ഞാനത്തിന് ചിത്തശുദ്ധിയാണ് ഉപകരണമെന്നും ഭക്തികൂടാതെ ചിത്തശുദ്ധിയുണ്ടാകയില്ലെന്നും ഭക്തിക്ക് അഹന്താമമതകളെ ത്യജിച്ച് ഈശ്വരനില്‍ സ്വയം സമര്‍പ്പിച്ച് നിഷ്‌കാമമായി ഇഷ്ടാപൂര്‍ത്താദി കര്‍മം ചെയ്ത് ഈശ്വരാനുഗ്രഹം സമ്പാദിക്കണമെന്നുമാണ് ശാങ്കരമതസംഗ്രഹം. ഈശ്വരനെ നിര്‍ഗുണനായും സഗുണനിരാകാരനായും ഭാവനചെയ്തുപാസിക്കുന്നതിന് ശങ്കരന്‍ അനുകൂലിയാണ്. സകാരഭാവത്തില്‍ ശങ്കരന് ശിവവിഷ്ണ്വാദി ഭേദങ്ങളില്ല. എല്ലാ മുഖ്യദേവന്മാരെയും ഉദ്ദേശിച്ച് തത്തദുപാസകര്‍ക്കുവേണ്ടി അദ്ദേഹം സ്‌തോത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ഓരോ ഈശ്വരഭാവത്തെയും സ്തുതിക്കുമ്പോള്‍ അതതുഭാവത്തെ പരമോത്കൃഷ്ടമായി പ്രസ്താവിക്കുകയും ചെയ്യുന്നു. ശൈവന് ശിവനും വൈഷ്ണവന് വിഷ്ണുവും ദേവീഭക്തന് ദേവിയും മറ്റുമാണ് ശാങ്കരാഭിപ്രായത്തില്‍ പരമോത്കൃഷ്ടമൂര്‍ത്തി. ശ്രീശങ്കരന്‍റെ സ്‌തോത്രകൃതികളില്‍ പ്രാമുഖ്യമര്‍ഹിക്കുന്നവയാണ് ഭുജംഗപ്രയാതസ്‌തോത്രങ്ങള്‍. ഭക്തിയും വിരക്തിയും പ്രകാശിപ്പിക്കുവാന്‍ ഏറ്റവും പറ്റിയ വൃത്തമാണ് ഇത്. ഭുജംഗങ്ങളുടെ (സര്‍പ്പങ്ങളുടെ) പ്രയാണം (ഗതി) പോലെ അല്പം ഇഴഞ്ഞ മട്ടില്‍ ചൊല്ലേണ്ടതാകയാലാണിതിന് ഭുജംഗപ്രയാതമെന്ന് വൃത്തശാസ്ത്രത്തില്‍ നാമകരണം ചെയ്തിട്ടുള്ളത്. ആയിരത്താണ്ടുകളായി ഹിന്ദുഭവനങ്ങളിലും ക്ഷേത്രങ്ങളിലും സന്ധ്യാവേളകളില്‍ ഭുജംഗവിഭൂഷണനായ ശിവനേയും ഭുജംഗശായിയായ വിഷ്ണുവിനേയും സ്തുതിക്കുവാന്‍ ഭുജംഗപ്രയാതസ്‌തോത്രങ്ങള്‍ ഗാനംചെയ്തു വരുന്നു. ഇവ ആദ്യമായി നിര്‍മ്മിച്ചതു ശ്രീശങ്കരനാണെന്നു വിശ്വസിച്ചു പോരുന്നു. ശ്രീശങ്കരന്‍ മാതൃസന്നിധിയില്‍ ശിവഭുജംഗവും പിന്നീട് വിഷ്ണുഭുജംഗവും ഉണ്ടാക്കിച്ചൊല്ലി യോഗികള്‍ക്കുപോലും ദുര്‍ലഭമായ വിഷ്ണുസായുജ്യം മാതാവിനു നല്‍കി. ഇക്കാലത്തും മരണശയ്യയില്‍ കിടക്കുന്നവരെ ഈ സ്‌തോത്രങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കാറുണ്ട്. ഭുജംഗപ്രയാതവൃത്തത്തില്‍ മറ്റുദേവതാസ്‌തോത്രങ്ങളും ശങ്കരകൃതമായിട്ടുണ്ട്. ശിവപരങ്ങളായ അസംഖ്യം സ്‌തോത്രങ്ങള്‍ ആചാര്യസ്വാമികള്‍ രചിച്ചിട്ടുണ്ട്. ശിവപ്രസാദം സിദ്ധിക്കുവാനും, പരമാര്‍ത്ഥജ്ഞാനബോധം ഉണ്ടാകുവാനും ശിവസ്‌തോത്രങ്ങള്‍ സഹായകമാണ്. ആനന്ദദായകത്വംകൊണ്ടും അഭീഷ്ടാര്‍ത്ഥസാധകത്വം കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ദേവീസ്‌തോത്രങ്ങള്‍ രൂപവര്‍ണനാപരങ്ങളും സൂക്ഷ്മതത്ത്വപ്രതിപാദകങ്ങളുമാണ്. സ്‌തോത്രകൃതികളില്‍ മറ്റൊരു ഗണമാണ് വിഷ്ണുസ്‌തോത്രങ്ങള്‍. ചതുര്‍ബാഹുവായ വിഷ്ണു സത്വഗുണരൂപമാണ്. രജോഗുണരൂപമാണ് രാമകൃഷ്ണാദി അവതാരങ്ങള്‍. തമോഗുണരൂപമാണ് നരസിംഹമൂര്‍ത്തി. നിര്‍ഗുണബ്രഹ്മവും പ്രകൃതിയും ചേര്‍ന്ന സഗുണബ്രഹ്മകല്പനയാണ് അനന്തശായിയായ വിഷ്ണുഭഗവാന്‍. വിഷ്ണുസ്‌തോത്രങ്ങളോടൊന്നിച്ച് അവതാരസ്‌തോത്രങ്ങളുമുണ്ട്. ഗുരു, ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, ശ്രീധര്‍മ്മ ശാസ്താവ് എന്നീ ദേവതകളുടെ സ്‌തോത്രങ്ങളും മാനസപൂജ, മാതൃപൂജാ സ്‌തോത്രങ്ങളും ഗംഗ, യമുന, നര്‍മദ എന്നീ നദീ തീര്‍ത്ഥങ്ങളും കാശി മുതലായ സ്ഥലതീര്‍ത്ഥങ്ങളുമുള്‍ക്കൊള്ളുന്ന സ്‌തോത്രങ്ങളാണ് മറ്റൊരു ഗണം. മന്ത്രവേദികളായ സിദ്ധകവികളുടെ കൃതികളിലാണ് സൂക്ഷ്മതത്ത്വങ്ങള്‍ കൂടുതല്‍ പ്രതിപാദിച്ചുകാണുന്നത്. പദം, മന്ത്രം, വര്‍ണ്ണം എന്നിങ്ങനെ മൂന്നുപ്രകാരത്തിലാണ് ശബ്ദം. അതിന്‍റെ അര്‍ത്ഥവും മൂന്നു വിധമാണ്. ഇവയില്‍ മന്ത്രവര്‍ണ്ണാത്മകങ്ങളായ ശബ്ദങ്ങള്‍ അടങ്ങിയ സ്‌തോത്രങ്ങള്‍ പ്രഖ്യാതങ്ങളാണ്. അവ അര്‍ത്ഥബോധത്തോടുകൂടി പഠിക്കുന്നവര്‍ക്ക് അഭീഷ്ടസിദ്ധി കൈവരുന്നതാണ്. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ശ്രീശങ്കരകൃതസ്‌തോത്രങ്ങള്‍ക്ക് വൈശിഷ്ട്യമേറും. ശങ്കരസ്‌തോത്രകൃതികള്‍ പഞ്ചകങ്ങള്‍, ഷട്കങ്ങള്‍, അഷ്ടകങ്ങള്‍, ദശകങ്ങള്‍, തുടങ്ങി ശതകങ്ങളിലും അതിലുപരിയായും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വേദാന്ത പ്രതിപാദകമായ അര്‍ത്ഥം അറിയുന്നതുതുടങ്ങി, ആത്മസാക്ഷാത്കാരംവരെയുള്ള അനുഭവം സ്‌തോത്രപാരായണം കൊണ്ട് സിദ്ധിക്കുന്നതാണ്. കലിയുഗത്തില്‍ ജപയജ്ഞത്തിനാണ് അധികം പ്രാധാന്യമുള്ളത്. ജപയജ്ഞത്തിന് ഉപയോഗപ്പെടുന്നവയാണ് സ്‌തോത്രങ്ങള്‍. ജപയജ്ഞത്തിനു പണ്ഡിതപാമരഭേദം കൂടാതെ എല്ലാവരും അധികാരികളാണ്. ശ്രീശങ്കര സാരസ്വത സര്‍വസ്വം 3) ഉപനിഷദ്ഭാഷ്യങ്ങള്‍ : 1) ഈശാവാസ്യോപനിഷദ്ഭാഷ്യം 2) കേനോപനിഷദ്പദഭാഷ്യം, വാക്യഭാഷ്യം 3) കഠോപനിഷദ്ഭാഷ്യം 4) പ്രശ്‌നോപനിഷദ്ഭാഷ്യം 5) മുണ്ഡകോപനിഷദ്ഭാഷ്യം 6) മാണ്ഡൂക്യോപനിഷദ്ഭാഷ്യം 7) ഐതരേയോപനിഷദ്ഭാഷ്യം 8) തൈത്തിരീയോപനിഷദ് ഭാഷ്യം 9) ഛാന്ദോഗ്യോപനിഷദ്ഭാഷ്യം 10) ബൃഹദാരണ്യകോപനിഷദ്ഭാഷ്യം മറ്റുപനിഷദ്ഭാഷ്യങ്ങള്‍ : 1) നൃസിംഹപൂര്‍വതാപനീയോപനിഷദ്ഭാഷ്യം 2) ശ്വേതാശ്വതരോപനിഷദ്ഭാഷ്യം 3) മണ്ഡലബ്രാഹ്മണോപനിഷദ്ഭാഷ്യം ബ്രഹ്മസൂത്രഭാഷ്യം ശ്രീഭഗവദ്ഗീതാഭാഷ്യം ലഘുഭാഷ്യങ്ങള്‍ : 1) വിഷ്ണുസഹസ്രനാമസ്‌തോത്രഭാഷ്യം 2) സനത്സുജാതീയഭാഷ്യം 3) ലളിതാത്രിശതിഭാഷ്യം 4) ഹസ്താമലകസ്‌തോത്രഭാഷ്യം 5) അധ്യാത്മപടലഭാഷ്യം ടീക : സാംഖ്യകാരികാ ജയമംഗളാടീക ഭാഷ്യവിവരണം : പാതഞ്ജലയോഗസൂത്രം-ഭാഷ്യവിവരണം ഉപദേശരചനകള്‍ : 1) വിവേകചൂഡാമണി 2) ഉപദേശസാഹസ്രി - ഗദ്യപ്രബന്ധം, പദ്യപ്രബന്ധം 3) സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം പ്രകരണ പ്രബന്ധങ്ങള്‍ : 1) പ്രബോധസുധാകരം 2) സ്വാത്മപ്രകാശിക 3) മനീഷാപഞ്ചകം 4) അദ്വൈതപഞ്ചരത്‌നം 5) നിര്‍വ്വാണഷട്കം 6) അദ്വൈതാനുഭൂതി 7) ബ്രഹ്മാനുചിന്തനം 8) പ്രശ്‌നോത്തരരത്‌നമാലിക 9) സദാചാരാനുസന്ധാനം 10) യോഗതാരാവലി 11) ഉപദേശപഞ്ചകം 12) ധന്യാഷ്ടകം 13) ജീവന്മുക്താനന്ദലഹരി 14) അനാത്മശ്രീവിഗര്‍ഹണപ്രകരണം 15) സ്വരൂപാനുസന്ധാനം 16) യതിപഞ്ചകം 17) പഞ്ചീകരണം 18) തത്ത്വോപദേശം 19) ഏകശ്ലോകി 20) മായാപഞ്ചകം 21) പ്രൗഢാനുഭൂതി 22) ബ്രഹ്മജ്ഞാനാവലീമാല 23) ലഘുവാക്യവൃത്തി 24) നിര്‍വാണമഞ്ജരി 25) അപരോക്ഷാനുഭൂതി 26) വാക്യവൃത്തി 27) സ്വാത്മനിരൂപണം 28) ആത്മബോധം 29) ശതശ്ലോകി 30) ദശശ്ലോകി 31) ആത്മാനാത്മവിവേകം 32) തത്ത്വബോധം 33) വാക്യസുധാ/ദൃക്ദൃശ്യവിവേകം 34) ശ്രീ മണിരത്‌നമാലാ 35) ആത്മജ്ഞാനോപദേശവിധി 36) അജ്ഞാനബോധിനി 37) യതിദണ്ഡൈശ്വര്യവിധാനം 38) പഞ്ചമാശ്രമഃ 39) ബാലബോധസംഗ്രഹം തന്ത്രശാസ്ത്രകൃതികള്‍ : 1) പ്രപഞ്ചസാരം 2) സപര്യാഹൃദയം അനുശാസനഗ്രന്ഥങ്ങള്‍ : 1) മഠാമ്‌നായോപനിഷത് 2) മഠാമ്‌നായസേതു 3) മഹാനുശാസനം ഗുരു-ഗണേശ-സുബ്രഹ്മണ്യ-സൂര്യ സ്‌തോത്രങ്ങള്‍ : 1) ഗുര്‍വഷ്ടകം 2) ഗണേശപ്രാതഃസ്മരണസ്തോത്രം 3) ഗണേശപഞ്ചരത്‌നം 4) ഗണേശഭുജംഗം 5) സുബ്രഹ്മണ്യഭുജംഗം 6) സൂര്യപ്രാതഃസ്മരണസ്തോത്രം ശിവസ്‌തോത്രങ്ങള്‍ : 7) ശിവപ്രാതഃസ്മരണസ്തോത്രം 8) ശിവഭുജംഗം 9) ശിവാനന്ദലഹരി 10) ശിവപാദാദികേശാന്തവര്‍ണ്ണനസ്‌തോത്രം 11) ശിവകേശാദിപാദാന്തവര്‍ണ്ണനസ്‌തോത്രം 12) വേദാന്തസാരശിവസ്‌തോത്രം 13) ശിവാപരാധക്ഷമാപണസ്‌തോത്രം 14) സുവര്‍ണ്ണമാലാസ്തുതി 15) ദശശ്ലോകീസ്തുതി 16) ദക്ഷിണാമൂര്‍ത്തിവര്‍ണ്ണമാലാസ്‌തോത്രം 17) ശ്രീദക്ഷിണാമൂര്‍ത്ത്യഷ്ടകം 18) ശ്രീമൃത്യുഞ്ജയമാനസികപൂജാസ്‌തോത്രം 19) ശിവനാമാവല്യഷ്ടകം 20) ശിവപഞ്ചാക്ഷരസ്‌തോത്രം 21) ശ്രീകാശിവിശ്വനാഥസ്‌തോത്രം 22) ശിവമാനസപൂജാസ്‌തോത്രം 23) ശിവാഷ്ടകം 24) ഉമാമഹേശ്വരസ്‌തോത്രം 25) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്‌തോത്രം 26) ദ്വാദശലിംഗസ്‌തോത്രം 27) അര്‍ദ്ധനാരീശ്വരസ്‌തോത്രം 28) ദക്ഷിണാമൂര്‍ത്തിസ്‌തോത്രം 29) കാലഭൈരവാഷ്ടകം ദേവീസ്‌തോത്രങ്ങള്‍ : 30) ശ്രീചണ്ഡീപ്രാതഃസ്മരണസ്തോത്രം 31) സൗന്ദര്യലഹരി 32) ദേവിഭുജംഗസ്‌തോത്രം 33) ആനന്ദ ലഹരി 34) ത്രിപുരസുന്ദരീവേദപാദസ്‌തോത്രം 35) ത്രിപുരസുന്ദരീമാനസപൂജാസ്‌തോത്രം 36) ദേവീചതുഃഷഷ്ട്യുപചാരപൂജാസ്‌തോത്രം 37) ത്രിപുരസുന്ദര്യഷ്ടകം 38) ലളിതാപഞ്ചരത്‌നം 39) കല്യാണവൃഷ്ടിസ്തവം 40) നവരത്‌നമാലികാ 41) മന്ത്രമാതൃകാപുഷ്പമാലാസ്തവം 42) ഗൗരീദശകം 43) ഭാവാനീഭുജംഗം 44) അംബാപഞ്ചരത്‌നസ്‌തോത്രം 45) അംബാഷ്ടകം 46) അന്നപൂര്‍ണാസ്‌തോത്രം (1) 47) അന്നപൂര്‍ണാകവചം 48) ശ്രീഭവാന്യഷ്ടകം 49) കല്പശാഖിസ്‌തോത്രം 50) ശ്രീവാഗീശിസ്തവം 51) ആര്യാനവകം 52) ദേവ്യപരാധക്ഷമാപണസ്‌തോത്രം 53) ഭ്രമരാംബാഷ്ടകം 54) ശാരദാഭുജംഗപ്രയാതാഷ്ടകം 55) കനകധാരാസ്‌തോത്രം 56) അന്നപൂര്‍ണ്ണാഷ്ടകം 57) മീനാക്ഷീപഞ്ചരത്‌നം 58) മീനാക്ഷീസ്‌തോത്രം 59) ഗായത്ര്യഷ്ടകം വൈഷ്ണവസ്‌തോത്രങ്ങള്‍ : 60) ശ്രീവിഷ്ണുപ്രാതഃസ്മരണസ്തോത്രം 61) ഷട്പദിസ്‌തോത്രം 62) ശ്രീനാരായണാfഷ്ടാദശകം 63) ശ്രീ വിഷ്ണുഭുജംഗപ്രയാതസ്‌തോത്രം 64) വിഷ്ണുപാദാദികേശാന്തസ്‌തോത്രം 65) ലക്ഷ്മീനൃസിംഹപഞ്ചരത്‌നം 66) ലക്ഷ്മീനൃസിംഹകരുണാരസസ്‌തോത്രം 67) ശ്രീരാമപ്രാതഃസ്മരണസ്തോത്രം 68) ശ്രീരാമഭുജംഗപ്രയാതസ്‌തോത്രം 69) പാണ്ഡുരംഗാഷ്ടകം 70) അച്യുതാഷ്ടകം(1) 71) ശ്രീമദച്യുതാഷ്ടകം (അച്യുതാഷ്ടകസ്‌തോത്രം) 72) കൃഷ്ണാഷ്ടകം 73) ജഗന്നാഥാഷ്ടകം 74) ഹരിസ്തുതി 75) ഗോവിന്ദാഷ്ടകം 76) ഭഗവന്മാനസപൂജാ 77) മോഹമുദ്ഗരം മറ്റുദേവതാസ്‌തോത്രങ്ങള്‍ 78) ഹനുമത്പഞ്ചരത്‌നം 79) ധര്‍മ്മശാസ്തൃകേശാദിപാദവര്‍ണനാസ്‌തോത്രം നദീസ്‌തോത്രങ്ങള്‍ : 80) നര്‍മദാഷ്ടകം 81) യമുനാഷ്ടകം (1) 82) യമുനാഷ്ടകം (2) 83) ഗംഗാഷ്ടകം 84) ഗംഗാസ്‌തോത്രം 85) ത്രിവേണിസ്‌തോത്രം സ്ഥലമാഹാത്മ്യസ്‌തോത്രങ്ങള്‍ : 86) മണികര്‍ണികാഷ്ടകം 87) ശ്രീവിശ്വനാഥനഗരീസ്‌തോത്രം 88) കാശീപഞ്ചകം മറ്റുസ്‌തോത്രങ്ങള്‍ : 89) നിര്‍ഗുണമാനസപൂജാ 90) മാതൃപഞ്ചകം 91) പ്രാതഃസ്മരണസ്‌തോത്രം 'ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറു വയസ്സിനുള്ളില്‍ തന്‍റെ സകലകൃതികളും നിര്‍മ്മിച്ചുകഴിഞ്ഞുവെന്നു പറയപ്പെടുന്ന ആ അദ്ഭുത ബാലനായ ശങ്കരാചാര്യര്‍ ആവിര്‍ഭവിച്ചു. ഈ പതിനാറുവയസ്സുള്ള കുട്ടിയുടെ കൃതികള്‍ ആധുനികലോകത്തിന് അദ്ഭുതങ്ങളാണ്. ആ ബാലനും ഒരു അദ്ഭുതം തന്നെ. ഭാരതത്തെ അതിന്‍റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ആ ബാലന്‍ ആഗ്രഹിച്ചു. അന്നുമുതല്‍ ഇന്നുവരെ ഭാരതത്തിന്‍റെ ശ്രമം മുഴുവന്‍ ബുദ്ധമതം വരുത്തിവെച്ച അധഃപതനത്തില്‍നിന്നു മുക്തമാകുവാനുള്ള ശ്രമമായിരുന്നു. വേദാന്തത്തിന്‍റെയും ബുദ്ധമതത്തിന്‍റെയും യഥാര്‍ത്ഥസാരം ഭിന്നമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. (ബുദ്ധ) ശിഷ്യന്മാര്‍ (അവരുടെ) ഗുരുവിനെ മനസ്സിലാക്കിയില്ല. അവര്‍ സ്വയം അധഃപതിച്ചു. ഈശ്വരന്‍റെയും ആത്മാവിന്‍റെയും സത്തയെ നിഷേധിച്ചു; അങ്ങനെ നിരീശ്വരരായി. ശ്രീശങ്കരന്‍ ഈ വസ്തുത എടുത്തുകാട്ടി. ബൗദ്ധന്മാരെല്ലാം ആദിധര്‍മത്തിലേക്കു തിരിച്ചുവരുവാന്‍ തുടങ്ങി.' -സ്വാമി വിവേകാനന്ദന്‍, (ഭാരത മാമുനിമാര്‍ എന്ന പ്രഭാഷണത്തില്‍നിന്ന്) 'ഈ ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശങ്കരഭഗവത്‍പാദരാകുന്നു. തങ്ങളുടെ ആവിര്‍ഭാവത്താല്‍ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ട് അഭിമാനസ്തംഭങ്ങളാണ്. ശങ്കരാചാര്യരെപ്പോലയുള്ള ഒരു സര്‍വതന്ത്രസ്വതന്ത്രന്‍റെ-പദവാക്യപ്രമാണപാരീണന്‍റെ- പരമതത്വപ്രവക്താവിന്‍റെ-ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോള്‍മയിര്‍ക്കൊള്ളിക്കും; കണ്ണുകളില്‍ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാക്കും. ആ മഹാത്മാവിന്‍റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതുപരിതസ്ഥിതിയിലും ധന്യന്മാരാണ്. വെറുതെയല്ല അദ്ദേഹത്തെ സര്‍വജ്ഞനായ ശങ്കരഭഗവാന്‍റെ അവതാരമെന്നു ലോകം ഐകകണ്‌ഠ്യേന പുകഴ്ത്തുന്നത്. ശങ്കരന്‍ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കില്‍ അത് ഈ ആകൃതിയില്‍, ഈ പ്രകൃതിയില്‍ത്തന്നെ ആയിരിക്കുമെന്നുള്ളതിന് സംശയമില്ല.'
-ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍, (കേരളസാഹിത്യചരിത്രം 1)



